ഉറങ്ങാത്ത നഗരത്തിൽ ഇനി കടകളും കൺതുറന്നിരിക്കും

മൂന്ന് പതിറ്റാണ്ടിനുശേഷം, സൂര്യനസ്തമിക്കാത്ത നഗരം എന്നറിയപ്പെടുന്ന മുംബൈ നഗരം ഉണർന്നിരിക്കാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കുകയാണ്. ജനുവരി 27 മുതലാണ് പുതിയ പരിഷ്‌കാരം നിലവിൽ വരുവാൻ പോകുന്നത്. നഗരത്തിലെ മാളുകളും മൾട്ടിപ്ലക്സുകളും റെസ്റ്റോറന്റുകളും ഇനി മുതൽ രാവും പകലും മുടക്കമില്ലാതെ പ്രവർത്തിക്കും.

നഗരത്തിലെ പ്രധാന വാണിജ്യ സ്ഥാപനങ്ങൾ 24 മണിക്കൂർ തുറന്നിടണമെന്ന ദീർഘകാല നിർദേശത്തിന് പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെയാണ് മുൻകൈ എടുത്തിരിക്കുന്നത്. ആദിത്യ താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ, പോലീസ് ഉന്നത തല യോഗത്തിലാണ് ഇക്കാര്യത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.

പാർപ്പിട രഹിത മേഖലകളിലുള്ള മാളുകളും മൾട്ടിപ്ലക്സുകളും റെസ്റ്റോറന്റുകളും മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കാൻ ഇതോടെ തീരുമാനമായി. എന്നാൽ ഈ നടപടിയെ എതിർത്ത് കൊണ്ട് സംസ്ഥാനത്തെ ബിജെപിയും രാജ് താക്കറെയുടെ എംഎൻഎസും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന വാദമാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.

ആവശ്യമായ പാർക്കിങ് സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഉറപ്പ് വരുത്തിയായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് നഗരസഭയും സിറ്റി പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News