കെപിസിസി പട്ടികയിൽ ക്രിമിനലുകളെന്ന്‌ മുല്ലപ്പള്ളി ; അനുയായികളെ കുത്തിനിറയ്‌ക്കാനാണ്‌ മുല്ലപ്പള്ളിയുടെ ശ്രമമെന്ന്‌ എ, ഐ ഗ്രൂപ്പുകാർ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ പട്ടികയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന്‌ ഹൈക്കമാൻഡിന്‌ പരാതി.

ക്രിമിനലുകളെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും എ, ഐ ഗ്രൂപ്പ്‌ നേതാക്കൾ അംഗീകരിച്ചില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ നേരിട്ട്‌ അറിയിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി ശനിയാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ മുല്ലപ്പള്ളി ഗ്രൂപ്പുകൾക്കെതിരെ ‘ക്രിമിനൽ’ആരോപണം ഉന്നയിച്ചത്‌.

ഉമ്മൻചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ്‌ മുല്ലപ്പള്ളി. അനുയായികളെ കുത്തിനിറയ്‌ക്കാനാണ്‌ മുല്ലപ്പള്ളിയുടെ ശ്രമമെന്ന്‌ എ, ഐ ഗ്രൂപ്പുകാർ പരാതി നൽകി.

ഇതോടെ ഭാരവാഹിപ്പട്ടിക ത്രിശങ്കുവിലായി. പുനഃസംഘടന അംഗീകരിച്ചില്ലെങ്കിൽ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാൻ താൽപ്പര്യമില്ലെന്ന്‌ മുല്ലപ്പള്ളി അറിയിച്ചതായാണ്‌ വിവരം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിലെ ചിലരെ ലക്ഷ്യംവച്ചാണ്‌ ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന ആരോപണം.

എംപിമാരെയും എംഎൽഎമാരെയും ഒഴിവാക്കണമെന്ന നിർദേശം അട്ടിമറിച്ചതിലും മുല്ലപ്പള്ളി ക്ഷുഭിതനാണ്‌. മുല്ലപ്പള്ളിക്കെതിരെ വർക്കിങ്‌ പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ്‌ തന്നെ നേതൃത്വത്തെ സമീപിച്ചു.

കൊടിക്കുന്നിലിനെതിരെ ഒളിയമ്പുമായി കെ മുരളീധരനും ശനിയാഴ്‌ച രംഗത്തുവന്നു. എംഎൽഎയാകാനും എംപിയാകാനും കെപിസിസി ഭാരവാഹിയാകാനും ഒരുകൂട്ടരും ബാക്കിയുള്ളവർ വിറക്‌ വെട്ടികളും വെള്ളം കോരികളും എന്നത്‌ അംഗീകരിക്കാൻ ആകില്ലെന്നാണ്‌ മുരളീധരൻ പറഞ്ഞത്‌.

പട്ടിക അംഗീകരിച്ചശേഷമേ കേരളത്തിലേക്ക്‌ മടങ്ങൂവെന്ന നിലപാടിലാണ്‌ മുല്ലപ്പള്ളി. രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും കേന്ദ്രതീരുമാനം കാക്കുകയാണ്‌.

106 പേരുടെ ജംബോ പട്ടികയാണ്‌ നൽകിയിട്ടുള്ളത്‌. വി എം സുധീരൻ, പി സി ചാക്കോ എന്നിവരും തങ്ങളുടെ പട്ടിക കൈമാറിയിട്ടുണ്ട്‌. പുനഃസംഘടന നടന്നാലും ഇല്ലെങ്കിലും കെപിസിസിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News