ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം; പ്രസിഡന്‍റുമാരുടെ പ്രഖ്യാപനം മാറ്റി

കൊച്ചി: ഗ്രൂപ്പുപോര്‌ രൂക്ഷമായതിനെ തുടർന്ന്‌ നാല്‌ ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റി. സംസ്‌ഥാന പ്രസിഡന്റ്‌ നിയമനവും അനിശ്‌ചിതമായി നീളും.

എറണാകുളം, കണ്ണൂർ, കാസർകോട്‌, കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനമാണ്‌ മാറ്റിയത്. ബാക്കി ജില്ലകളിൽ രണ്ട്‌ ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും.

കെ സുരേന്ദ്രനെ പിൻവാതിലിലൂടെ പ്രസിഡന്റാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്‌ നാല്‌ ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റിവയ്‌പിച്ചതെന്നാണ്‌ കൃഷ്‌ണദാസ്‌ പക്ഷത്തിന്റെ ആരോപണം.

നാല്‌ ജില്ലകളിൽ മൂന്നിലും തങ്ങളുടെ പക്ഷക്കാരനാണ്‌ പ്രസിഡന്റാകേണ്ടിയിരുന്നത്‌. 11 ജില്ലകളും കൃഷ്‌ണദാസ്‌–-എം ടി രമേശ്‌ പക്ഷത്തിനാണെന്നാണ്‌ അവകാശവാദം.

സംസ്‌ഥാന പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ നടത്തിയ അഭിപ്രായവോട്ടെുപ്പിൽ എം ടി രമേശിനും എ എൻ രാധാകൃഷ്‌ണനുമായിരുന്നു മേൽക്കൈ. മൂന്നാം സ്ഥാനമേ കെ സുരേന്ദ്രന്‌ ലഭിച്ചുള്ളൂ.

സ്വാധീനം ഉപയോഗിച്ച്‌ കെ സുരേന്ദ്രനെ പ്രസിഡന്റായി പ്രഖ്യാപിക്കാമെന്നാണ്‌ വി മുരളീധരൻ കരുതുന്നത്‌. ഇതിന്‌ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ സഹായവും മുരളീധരന്‌ ലഭിക്കുമെന്ന്‌ കൃഷ്‌ണദാസ്‌ പക്ഷം പറയുന്നു.

അതേസമയം ആർഎസ്‌എസ്‌ ഇടപെട്ടാണ്‌ നാല്‌ ജില്ലകളിലെ പ്രഖ്യാപനം മാറ്റിവയ്‌പിച്ചതെന്ന്‌ മുരളീധരൻ പക്ഷം പറയുന്നു.

എം ടി രമേശ്‌, എ എൻ രാധാകൃഷ്‌ണൻ എന്നിവരെയാണ്‌ കൃഷ്‌ണദാസ്‌–- ആർഎസ്‌എസ്‌ പക്ഷം പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ നിർദേശിച്ചത്‌.

വി മുരളീധരൻ കെ സുരേന്ദ്രന്റെ പേര്‌ മാത്രമാണ്‌ നിർദേശിച്ചത്‌. കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ പേരുകൾ ഉയർന്നുവന്നെങ്കിലും ഒടുവിൽ എം ടി രമേശ്‌, കെ സുരേന്ദ്രൻ എന്ന പേരുകൾ മാത്രമാണ്‌ പരിഗണനയിലുള്ളത്‌.

വി വി രാജേഷ്‌ (തിരുവനന്തപുരം), അഡ്വ. പി കൃഷ്‌ണദാസ്‌ (പാലക്കാട്‌), രവി തലേത്ത്‌ (മലപ്പുറം) കെ ഗോപൻ (കൊല്ലം), വി കെ സജീവൻ (കോഴിക്കോട്‌), സജി ശങ്കർ (വയനാട്‌), അഡ്വ. കെ കെ അനീഷ്‌ (തൃശൂർ), എം ഗോപകുമാർ (ആലപ്പുഴ), എം അജിത്‌ (ഇടുക്കി) അശോകൻ കുളനട (പത്തനംതിട്ട), എന്നിവരെയാണ്‌ രണ്ട്‌ ദിവസത്തിനകം പ്രഖ്യാപിക്കുക. വി എൻ വിജയൻ (എറണാകുളം), കെ രഞ്‌ജിത്‌ (കണ്ണൂർ), ശ്രീകാന്ത്‌ അല്ലെങ്കിൽ രവീശതന്ത്രി കുണ്ടാർ (കാസർകോട്‌), എൻ ഹരി (കോട്ടയം) എന്നിവരുടെ പ്രഖ്യാപനമാണ്‌ മാറ്റിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News