മലയാള സിനിമ, നാടക നടനും അധ്യാപകനുമായ ആന്റണി പാലയ്ക്കന്റെ (ആൻസൻ-72) സംസ്കാരം ഇന്ന് നടക്കും.
ഓച്ചന്തുരുത്ത് കുരിശിങ്കൽ പളളിയിൽ വൈകിട്ട് 4നാണ് സംസ്കാരം നടക്കുക. കുറച്ചുനാളുകളായി രോഗബാധിതനായിരുന്നു.
ഓച്ചന്തുരുത്ത് വൈഎഫ്എ, കൊച്ചിൻ നാടക വേദി, കൊച്ചിൻ നീലിമ തുടങ്ങിയ നാടക സംഘങ്ങളിൽ സജീവമായിരുന്നു.
മഹാരാജാസ് കോളജ് ആർട്ട്‌സ് ക്ലബ് സെക്രട്ടറിയായിരിക്കെ, സഹപാഠിയായിരുന്ന നടൻ മമ്മൂട്ടിയുമായി ആരംഭിച്ച ചങ്ങാത്തം അവസാന നാൾവരെ തുടർന്നു. അസുഖ ബാധിതനായ പാലയ്ക്കനെ കാണാൻ മമ്മൂട്ടി ഓച്ചന്തുരുത്തിലെ സിസി കോട്ടേജിൽ എത്തിയിരുന്നു.
മഹാരാജാസിലെ പഠന കാലത്ത് വൈഎഫ്എ അവതരിപ്പിച്ച പിഎൻ പ്രസന്നന്റെ സബർമതി എന്ന നാടകം സംവിധാനം ചെയ്തത് ആന്റണി പാലയ്ക്കനായിരുന്നു. കലക്ടറായിരുന്ന കെ ആർ വിശ്വംഭരനും പാലയ്ക്കിനൊപ്പം വൈഎഫ്എ നാടകങ്ങളിൽ സജീവമായിരുന്നു. ഓച്ചന്തുരുത്ത് സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിലെ മുൻ അറബി അധ്യാപകനായിരുന്നു.
ലേലം സിനിമയിൽ ക്രൂഷ്‌ചേവ് കുഞ്ഞച്ചനായി വേഷമിട്ടത് ഏറെ ശ്രദ്ധ നേടി. ലേലം കൂടാതെ ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. റീറ്റയാണു ഭാര്യ. മക്കൾ: ആർതർ, ആൽഡ്രസ്, അനീറ്റ. മരുമക്കൾ: ടിറ്റി, റിങ്കു, ജോവിൻ.
Get real time update about this post categories directly on your device, subscribe now.