പൗരത്വനിയമത്തിനെതിരെ വീടുകയറി രാജ്യവ്യാപക പ്രചരണം; ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ഇല്ലാതാക്കണം: യെച്ചൂരി

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ് എന്‍പിആറെന്നും എന്‍പിആറിനായി ആരും വിവരങ്ങള്‍ നല്‍കരുതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മറ്റിക്കുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കെതിരെയുള്ള പൊലീസിന്റെ അതിക്രമത്തെ കേന്ദ്രകമ്മറ്റി അപലപിക്കുന്നതായും പ്രതിഷേധങ്ങള്‍ സമാധാനപരമാണെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ് മരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. പൊലീസ് വെടിവെയ്പ്പിലാണ് ഇതുണ്ടായത്.യുപിയില്‍ 21, ആസാമില്‍ 5, കര്‍ണാടകയില്‍ 2 എന്നിങ്ങനെയാണ് ആളുകള്‍ മരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പൊലീസ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലും അതിക്രമങ്ങള്‍ നടന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഭാഷ പ്രതികാരത്തിന്റെതാണ്. പൊലീസ് വസ്തുവകകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.എന്നാല്‍ നിരപരാതികളുടെ മേല്‍ കുറ്റം ചാര്‍ത്തുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ല. രാജ്യത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെല്ലാം ഇല്ലാതെയാക്കണമെന്നും യെച്ചൂരി പറഞ്ഞു. പുതിയ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഉണ്ടാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിര്‍ദ്ദേശം തള്ളണമെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആര്‍മി കമാന്റര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത് അംഗീകരിക്കാനാകില്ല. കാശ്മീരിലെ എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിപ്പിക്കണം. ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കുകയും ഗതാഗത സംവിധാനം പഴയരൂപത്തിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മോഡിയുടെ കീഴില്‍ ഇന്ത്യ സാമ്പത്തിക തകര്‍ച്ചയിലാണ്. തൊഴില്ലായ്മ ഏറ്റവും വലിയ അളവിലാണ്. ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുന്നു. കേരളത്തോട് സാമ്പത്തികമായ വിവേചനം കേരളം കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയിലല്ല വിശ്വസിക്കുന്നത്, പകരം രാഷ്ട്രീയ നീക്കങ്ങളില്‍ മാത്രമാണ്. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന വായിക്കണമെന്ന് മാത്രമെ പറയാനുള്ളു. പല സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാരുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.

സംയുക്തമായി നടത്തുന്ന മുഴുവന്‍ സമരങ്ങള്‍ക്കും സിപിഐ എം പിന്തുണ നല്‍കും. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് പ്രചരണം നടത്തും. സംയുക്ത സമരം തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാതെ കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യയുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News