സംയുക്ത പ്രക്ഷോഭത്തിന് എന്താണ് തടസ്സം; യോജിച്ച് നിന്നാല്‍ അതൊരു മഹാശക്തിയാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് വാശിയോടെ പറയുന്നവരുണ്ട്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. രാജ്യരക്ഷയ്ക്കായി നമുക്ക് ഒരുമിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാമെന്നും തലസ്ഥാനത്ത് സിപിഐ എം സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

യോജിച്ച് നിന്നാല്‍ അതൊരു മഹാശക്തിയാകും. എല്ലാവര്‍ക്കും അവരുടേതായ ശക്തിയുണ്ട്. അതിനാല്‍ യോജിച്ച് നില്‍ക്കാന്‍ എല്ലാവര്‍ക്കും നല്ല ബുദ്ധി തോന്നണം. കേരളം രാജ്യത്തിന് പ്രചോദനമേകുമ്പോള്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് മാറിനില്‍ക്കരുത്.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്തസാക്ഷിമണ്ഡപത്തില്‍ യോജിച്ച് നടത്തിയ സമരം രാജ്യത്തിന് വലിയ സന്ദേശമാണ് നല്‍കിയത്. എന്നാല്‍, ചില ചെറിയ മനസ്സിന്റെ ഉടമകള്‍ അതിനെതിരെ സംസാരിച്ചു. തുടര്‍ന്ന്, സര്‍ക്കാര്‍ വിവിധ കക്ഷികളുടെ യോഗം വിളിച്ചു. അടുത്ത സമരം എങ്ങനെ വേണമെന്ന കാര്യത്തില്‍ പിന്നീട് അഭിപ്രായം പറയാമെന്നാണ് പ്രതിപക്ഷനേതാവ് അന്ന് പറഞ്ഞത്. പിന്നീട് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഐക്യകണ്ഠ്യേന പ്രമേയം പാസാക്കി.

ഇതും വലിയ സന്ദേശമാണ് നല്‍കിയത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നുവെന്ന പ്രചാരണം നടത്തുന്നവരുണ്ട്. അങ്ങനെ പറയുന്നവരുടെ അസുഖം എല്ലാവര്‍ക്കും അറിയാം. ജനസംഖ്യാ രജിസ്റ്ററിന്റെ എല്ലാ നടപടികളും കേരളത്തില്‍ സ്റ്റേ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും കേരളത്തില്‍ ഉണ്ടാകില്ല. സെന്‍സസ് പ്രവര്‍ത്തനത്തില്‍ ആ ഭാഗവും ഒഴിവാക്കി. അതിനാല്‍ കേരളത്തില്‍ ആരും ആശങ്കയില്‍ കഴിയേണ്ട. ഏറ്റവും ശക്തമായ ഒരു കോട്ടയിലാണ് നമ്മള്‍ കഴിയുന്നത്.

ഭരണഘടനാ വിരുദ്ധമായതിനാലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുക. ആര്‍എസ്എസ് മനസ്സില്‍ കാണുന്നത് നടപ്പാക്കാനല്ല ഈ സര്‍ക്കാരെന്നും -മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News