‘സെൻസസ്‌ യെസ്‌; എൻപിആർ നോ’; എൻപിആറിനും എൻആർസിക്കും വിവരങ്ങൾ നൽകില്ല; സീതാറാം യെച്ചൂരി

ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ്‌) സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനും (എൻപിആർ) ദേശീയ പൗരത്വ രജിസ്‌റ്ററിനും (എൻആർസി) രേഖകളും വിവരങ്ങളും നൽകരുതെന്ന്‌ ആഹ്വാനംചെയ്‌ത്‌ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. ‘സെൻസസ്‌ യെസ്‌; എൻപിആർ നോ’ എന്ന മുദ്രാവാക്യമുയർത്തി ഭവനസന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണത്തിലൂടെ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സെൻസസിന്‌ വിവരങ്ങൾ നൽകണമെന്നും എൻപിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകരുതെന്നും ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ഭവനസന്ദർശ പരിപാടി ഭഗത്‌സിങ്‌–-ജ്‌ഗുരു–സുഖ്‌ദേവ്‌ ദിനമായ മാർച്ച്‌ 23 വരെ തുടരും. ജനുവരി 23ന്‌ നേതാജി സുഭാഷ്‌ചന്ദ്രബോസിന്റെ ജന്മദിനം, 26ന്‌ റിപ്പബ്ലിക്‌ ദിനം, 30ന്‌ ഗാന്ധിജിയുടെ രക്തസാക്ഷി ദിനം എന്നിവ വിപുലമായി ആചരിക്കും.

ദേശീയ പൗരത്വ രജിസ്‌റ്റർ അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരോട്‌ അതത്‌ സംസ്ഥാനങ്ങളിൽ എൻപിആറിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരള സർക്കാർ സ്വീകരിച്ച ഉറച്ച നിലപാട്‌ അഭിനന്ദനാർഹമാണ്‌. നിയമസഭയിൽ പ്രമേയം പാസാക്കിയ നടപടിയെ പഞ്ചാബിനെപ്പോലെ മറ്റ്‌ ബിജെപി ഇതര സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്‌തു.

പ്രക്ഷോഭങ്ങൾക്ക്‌ പൂർണ പിന്തുണ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്‌ പാർടി പൂർണ പിന്തുണ നൽകും. യോജിച്ച പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നതിനൊപ്പം സ്വന്തം നിലയ്‌ക്കുള്ള സമരവും പ്രചാരണവും ശക്തിപ്പെടുത്തും. ഭരണഘടന നേരിടുന്ന ഭീഷണി ജനങ്ങൾ തിരിച്ചറിയുന്നുവെന്നതിന്റെ തെളിവാണ്‌ വിദ്യാർഥികളും യുവജനങ്ങളും സ്‌ത്രീകളുമടക്കം അണിചേരുന്ന പ്രക്ഷോഭം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര പൊലീസുള്ള ഡൽഹിയിലും സമരങ്ങളെ ക്രൂരമായി അടിച്ചമർത്തുകയാണ്‌. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിതന്നെ പ്രതികാരത്തിന്‌ ആഹ്വാനംചെയ്‌തു. ബ്രിട്ടീഷ്‌ ഭരണത്തെ അനുസ്മരിപ്പിക്കുന്നതാണിത്‌.

സിഎഎ–എൻപിആർ–എൻആർസി പാക്കേജിലൂടെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ആർഎസ്‌എസ്‌ വിഭാവനം ചെയ്യുന്ന ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്‌ട്രമാക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇന്ത്യയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണിത്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ ജനം സ്വയം തെരുവിലിറങ്ങിയത്‌. പ്രതിപക്ഷ പാർടികൾ നേരിട്ട്‌ സമരത്തിന്‌ ഇറങ്ങുന്നതിനേക്കൾ വലിയ ആവേശം ഇത്‌ സൃഷ്ടിച്ചു. ഇക്കാര്യത്തിൽ വളരെ പക്വമായ പ്രതികരണമാണ്‌ രാഷ്‌ട്രീയപാർടികളുടേതെന്നും യെച്ചൂരി ചോദ്യത്തിന്‌ മറുപടി നൽകി. പാർടി കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഗവർണർ പദവി അധികപ്പറ്റ്‌
ബ്രിട്ടീഷ്‌ കോളനി ഭരണത്തിന്റെ പാരമ്പര്യം പേറുന്ന ഗവർണർ പദവി സ്വതന്ത്ര ഇന്ത്യയിൽ അധികപ്പറ്റാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംബന്ധിച്ച്‌ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനിടയിൽ രാഷ്‌ട്രപതിയുടെ പ്രതിനിധിയായി ഗവർണർ ആവശ്യമുണ്ടോയെന്ന ചർച്ച പുനരാരംഭിക്കേണ്ട സമയമാണിത്‌.

കേരള ഗവർണർ ഒരിക്കൽക്കൂടി ഇന്ത്യൻ ഭരണഘടന വായിക്കണം. കേന്ദ്രനിയമം സംസ്ഥാനതാൽപ്പര്യത്തിന്‌ വിരുദ്ധമാണെന്ന്‌ തോന്നിയാൽ കോടതിയെ സമീപിക്കാൻ 131–-ാം അനുച്ഛേദം അധികാരം നൽകുന്നുണ്ട്‌. അതിന്‌ ആരുടെയും അനുമതി വാങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News