തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടികയായി; പരാതികള്‍ ഫെബ്രുവരി 14 വരെ; അന്തിമ പട്ടിക ഫെബ്രുവരി 28ന്‌

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയായി. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള പട്ടികയാണ് പുതുക്കുന്നത്.

കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഫെബ്രുവരി 14 വരെ അറിയിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. ഫെബ്രുവരി 28ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

തദ്ദേശ വാർഡ് വിഭജനം സംബന്ധിച്ചുള്ള സർക്കാർ നടപടികൾ തുടരുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടപടികളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോകുന്നത്.

തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിലെ അപാകതകളിൽ ഇന്നു മുതൽ വോട്ടർമാർക്ക് പരാതി നൽകാം. പുതിയ വോട്ടർമാർക്കും പേരു ചേർക്കാൻ അവസരമുണ്ട്.

2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിൽ തിരുത്തലുകൾക്കും അവസരമുണ്ട്.

പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും തിരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ,വാർഡ് മാറ്റത്തിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫോം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം.

വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് സൈറ്റിലും ലഭ്യമാണ്.

അംഗീകൃത ദേശീയ പാർട്ടികൾക്കും കേരള സംസ്ഥാന പാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ പകർപ്പ് സൗജന്യമായി ലഭിക്കും.

മറ്റുള്ളവർക്ക് നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ യോഗവും ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here