ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ ബദലാണ് കേരള ബാങ്ക് : മുഖ്യമന്ത്രി

തിരുവനന്തപുരം:  ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാന്‍ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവില്‍ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്. കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് 1625 ഉം ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുകള്‍ക്ക് 60 ഉം ശാഖകളുണ്ട്.

ഇവയെല്ലാം കൂടിയുള്ളതാണ് കേരള ബാങ്കിന്റെ അംഗത്വം. ഈ ശൃംഖലയ്ക്ക് സംസ്ഥാനതാത്പര്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമാകും. അതുകൊണ്ടുതന്നെ, അടുത്ത മൂന്നുവര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാര്‍ഥ്യമാക്കുക എന്നത് അതിരുകവിഞ്ഞ സ്വപ്നമല്ല. കാര്‍ഷികവായ്പ പടിപിടിയായി ഉയര്‍ത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്.

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ക്രെഡിറ്റ് മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ല. സഹകരണ ചട്ടങ്ങളും നിയമങ്ങളും പൂര്‍ണമായി പാലിച്ച് ബാങ്ക് മുന്നോട്ടുപോകുന്നതിനാല്‍ സഹകണസ്വഭാവം കൂടുതല്‍ ശക്തമാകും.

സംസ്ഥാന സഹകരണ ബാങ്കിനുള്‍പ്പെടെ നിലവില്‍ ആര്‍ബിഐ നിയന്ത്രണം ഉള്ളതിനാല്‍ കേരളബാങ്കിനുള്ള ആര്‍.ബി.ഐ നിയന്ത്രണത്തെ പ്രശ്‌നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാല്‍ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളര്‍ച്ചക്ക് സഹായമാകും. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News