ഒന്നര ദിവസത്തില്‍ ദയനീയ തോല്‍വി; രഞ്ജിയില്‍ ക്വാര്‍ട്ടര്‍ കാണാതെ കേരളം പുറത്ത്

രഞ്ജി ട്രോഫിയിൽ ദുര്‍ബലരായ രാജസ്ഥാനെതിരേ കേരളത്തിന് ദയനീയ തോല്‍വി. ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്.

സ്കോർ: കേരളം- ഒന്നാം ഇന്നിങ്ങ്സില്‍ 90, രണ്ടാം ഇന്നിങ്ങ്സില്‍ 9 വിക്കറ്റിന് 82 റണ്‍സ്, രാജസ്ഥാൻ– ഒന്നാം ഇന്നിങ്ങ്സില്‍ 268 റണ്‍സ്. സീസണിലെ നാലാം മത്സരവും തോറ്റതോടെ കേരളത്തിന്‍റെ ക്വാർട്ടർ സാധ്യത പൂർണമായും അടഞ്ഞു.

ആദ്യ ഇന്നിംഗ്സിൽ 178 റണ്‍സിന്‍റെ കൂറ്റൻ ലീഡ് നേടിയ രാജസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ കേരളത്തെ 82 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് ബാറ്റ്സ്മാൻമാരാണ് കേരളത്തിന്‍റെ നിരയിൽ രണ്ടക്കം കടന്നത്. 18 റണ്‍സ് നേടിയ സച്ചിൻ ബേബിയാണ് ടോപ്പ് സ്കോറർ.

പരുക്കേറ്റ രോഹൻ എസ്.കുന്നുമ്മൽ ബാറ്റിംഗിനിറങ്ങിയില്ല. ആറ് വിക്കറ്റ് വീഴ്ത്തിയ ശുഭം ശർമയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശർമ മത്സരത്തിൽ 11 വിക്കറ്റുകൾ കൊയ്ത് മാൻ ഓഫ് ദ മാച്ചായി.

നേരത്തെ രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് 268 റണ്‍സിൽ അവസാനിച്ചിരുന്നു. യാഷ് കോതാരി (92), രാജേഷ് ബിഷ്ണോയി (67) എന്നിവരുടെ അർധ സെഞ്ചുറികളാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ജലജ് സക്സേന ഏഴ് വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here