മംഗളൂരു പൗരത്വ പ്രതിഷേധം : രണ്ടായിരം മലയാളികള്‍ക്ക് നോട്ടീസ്

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ മലയാളികളായ മത്സ്യവില്‍പനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മംഗളൂരു പൊലീസിന്റെ നോട്ടീസ്. രണ്ടായിരത്തോളം മലയാളികള്‍ക്കാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസി. കമാന്‍ഡന്റ് ഓഫീസില്‍നിന്ന് നോട്ടീസ് അയച്ചത്.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത് കര്‍ഫ്യൂ ലംഘിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ജാമ്യംകിട്ടാത്ത കുറ്റം ചെയ്തുവെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

വെടിവയ്പ്പും രണ്ട് മരണവുമുണ്ടായ ഡിസംബര്‍19ന് മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പ്രദേശത്തെ അഞ്ച് മൊബൈല്‍ ടവറുകളുടെ പരിധിയിലുണ്ടായിരുന്ന ഫോണ്‍നമ്പറുകളുടെ വിലാസത്തിലേക്കാണ് നോട്ടീസ് അയക്കുന്നത്. മഞ്ചേശ്വരത്തുമാത്രം നാനൂറോളം പേര്‍ക്ക് നോട്ടീസ് ലഭിച്ചു.

മംഗളൂരുവില്‍ പോയ വിദ്യാര്‍ഥികള്‍, മത്സ്യം വില്‍പനക്കാര്‍, തൊഴിലാളികള്‍, ചികിത്സയ്ക്കായി പോയ രോഗികള്‍, അവര്‍ക്കൊപ്പം പോയവര്‍, വിമാനത്താവളത്തില്‍ പോയവര്‍ എന്നിവര്‍ക്കടക്കം നോട്ടീസ് ലഭിച്ചു. മംഗളൂരുവില്‍നിന്ന് നിത്യവും മീന്‍വാങ്ങി വില്‍പ്പന നടത്തുന്ന പത്ത് മഞ്ചേശ്വരം സ്വദേശികള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലെ വിവാഹബന്ധം വേര്‍പെടുത്തി കേരളത്തിലേക്ക് മടങ്ങിയ സ്ത്രീയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അടുത്തകാലത്തൊന്നും കര്‍ണാടകത്തില്‍ പോയിട്ടില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

പൊലീസില്‍ ഹാജരായില്ലെങ്കില്‍ മംഗളൂരുവിലെ കലാപത്തിലും ഗൂഢാലോചനയിലും പങ്കെടുത്തതായി കണക്കാക്കുമെന്നും ഭീഷണിയുണ്ട്. നോട്ടീസ് ലഭിച്ചവരില്‍ ചിലര്‍ മംഗളൂരു പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍, സിസി ടിവി ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാനാണിതെന്നായിരുന്നു മറുപടി.

മംഗളുരുവില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത് കേരളത്തില്‍നിന്ന് വന്നവരാണെന്ന് കര്‍ണാടക ആഭ്യന്തരവകുപ്പ് മുമ്പേ പ്രചരിപ്പിച്ചിരുന്നു. കലാപം റിപ്പോര്‍ട്ടുചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചശേഷം അതിര്‍ത്തി കടത്തി വിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News