ഇനി കളി ന്യൂസിലന്‍ഡില്‍; ഇന്ത്യയുടെ കിവീസ് പര്യടനം 24 മുതല്‍

വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും ‘നാട്ടങ്കം’ കഴിഞ്ഞു. ഇനി കളി ന്യൂസിലന്‍ഡിലാണ്. 24ന് പരമ്പരയ്ക്ക് തുടക്കമാകും. അഞ്ച് ട്വന്റി-20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ്. ആറാഴ്ച നീളും പരമ്പര. ഓസ്ട്രേലിയയെ മലര്‍ത്തിയടിച്ചാണ് കോഹ്ലിപ്പട ഒരുങ്ങുന്നത്.

ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റിന്റെ അപമാനകരമായ തോല്‍വി വഴങ്ങിയ ഇന്ത്യ അവസാന രണ്ട് കളിയില്‍ കരുത്തുകാട്ടി. ഓസീസിന്റെ വിഖ്യാത പേസ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ കോഹ്ലി ബാറ്റില്‍ നയിച്ചപ്പോള്‍ മുഹമ്മദ് ഷമി ബൗളിങ് നിരയെ തെളിച്ചു.

പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക് എന്നീ ലോകത്തെ ഏറ്റവും മികച്ച പേസര്‍മാരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് മുന്നില്‍ വശംകെട്ടത്. അവസാന രണ്ട് ഏകദിനത്തിലും ഓസീസ് ബാറ്റ്സ്മാന്‍മാരും മങ്ങി. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും അരങ്ങേറ്റക്കാരന്‍ മാര്‍ണസ് ലബുഷെയ്നും മാത്രം സ്ഥിരത കാട്ടി. ആദ്യ കളിയിലെ തോല്‍വി ഇന്ത്യന്‍ടീമിനെ അടിമുടി മാറ്റുകയായിരുന്നു.

ന്യൂസിലന്‍ഡില്‍ കളി മാറും. പേസര്‍മാര്‍ക്ക് കൂടുതല്‍ ഗുണംകിട്ടുന്ന പിച്ചുകളാണ് ന്യൂസിലന്‍ഡില്‍. അതേസമയം, മൈതാനങ്ങള്‍ ചെറുതുമാണ്. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്ര, ഷമി, നവ്ദീപ് സെയ്നി എന്നിവര്‍ ഏത് പിച്ചിലും ഉഗ്രഭാവത്തിലെത്തും.

ട്വന്‍ി-20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള പരീക്ഷണമാണ് ഇന്ത്യക്ക്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇതുവരെ ടീമില്‍ ഇടം കണ്ടെത്താനാകാത്തത് തിരിച്ചടിയാണ്. പരിക്കുമാറിയ പാണ്ഡ്യയ്ക്ക് അവസാന രണ്ട് മത്സരങ്ങളിലെങ്കിലും ഇടം നേടാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ എ ടീം ന്യൂസിലന്‍ഡില്‍ രണ്ട് സന്നാഹ മത്സരം ഇതിനകം ജയിച്ചു. 22നാണ് ആദ്യ കളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News