തിയേറ്ററുകളില്‍ പൊട്ടിച്ചിരി; ഉറിയടി മുന്നേറുന്നു

‘അടി കപ്യാരെ കൂട്ട മണി ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ എ.ജെ വര്‍ഗീസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഉറിയടി.

ആന്‍ അടി കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്ന ടാഗ് ലൈനോടു കൂടി എത്തിയ ചിത്രം ജനുവരി പതിനേഴിനായിരുന്നു റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതല്‍ മികച്ച പ്രേക്ഷക പിന്തുണയാണ് റിലീസ് ചെയ്ത എല്ലാ തീയേറ്ററുകളിലും ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എ.ജെ വര്‍ഗീസിന്റെ ആദ്യ ചിത്രമായ അടി കപ്യാരെ കൂട്ട മണി എന്ന ചിത്രം പോലെ തന്നെ നര്‍മ്മത്തില്‍ ചാലിച്ചെടുത്ത ഒരു ക്ലീന്‍ എന്റര്‍ടെയിനറായിട്ടാണ് ഈ ചിത്രവും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്. എജെ വര്‍ഗീസിന്റെ ആദ്യ ചിത്രത്തില്‍ ബോയ്‌സ് ഹോസ്റ്റലായിരുന്നു കഥാപശ്ചാത്തലമെങ്കില്‍ ഈ തവണ കഥ നടക്കുന്നത് തലസ്ഥാന നഗരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ്.

ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരും അവര്‍ സംഘടിപ്പിക്കുന്ന ഓണഘോഷ പരിപാടിയും അതിനിടയില്‍ നടക്കുന്ന മോഷണവും അതിന്റെ അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ ചാലിച്ചെടുത്ത് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. സമകാലിക കേരള രാഷ്ട്രീയത്തെയും, മാധ്യമങ്ങളെയും കണക്കിനു പരിഹസിക്കുന്നുണ്ട് സംവിധായകനും തിരക്കഥാകൃത്തും.

നല്ലൊരു എന്റര്‍ടെയിനര്‍ എന്ന നിലയില്‍ നൂറു ശതമാനം മാര്‍ക്ക് കൊടുക്കാവുന്ന മികച്ച ചിത്രമാണ് ഉറിയടി. ചിത്രത്തിലെ എല്ലാ താരങ്ങളുടെ കൗണ്ടറുകള്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞു.

സിനിമയില്‍ 95% ശതമാനം കോമഡികളും ഫ്രഷ് …..ഫ്രഷേയ് എന്ന നിലവാരത്തിലുള്ള കോമഡി എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ബൈജു എന്ന നടന്റെ കോമഡികളും കൗണ്ടറുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നതില്‍ സംശയമില്ല. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തതും ബൈജുവാണ്.

ബൈജുവിനെ കൂടാതെ അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ,ബിജുക്കുട്ടന്‍ എന്നിവരും തിളങ്ങി. സെക്കന്‍ഡ് ഹാഫില്‍ കോമഡിയും സസ്‌പെന്‍സും നിറഞ്ഞ മികച്ച അനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കഥാഗതിയും ക്ലൈമാക്‌സിലെ വഴിതിരിവും അതിലൂടെ നല്‍കുന്ന സന്ദേശവും ചിത്രത്തെ മികച്ചതാക്കുകയും വേറിട്ടുനിര്‍ത്തുകയും ചെയ്യുന്നു.

ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നടന്‍ ദിനേശ് ദാമോദറാണ്. ദിനേശ് ദാമോദര്‍ ഈ ചിത്രത്തില്‍ ഒരു വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജെമിന്‍ ജെ അയ്യനേത്താണ്. ചിത്രത്തില്‍ ആദ്യം മുതല്‍ തന്നെ ഫ്രഷ് ഫീല്‍ നിലനിര്‍ത്താന്‍ ജെമിന്റെ ഫ്രെയിമുകള്‍ക്കായി എന്നത് എടുത്തു പറയേണ്ടതാണ്.

ത്രി.എഫ്.ആന്റ് ഫിഫ്റ്റിസിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.അനില്‍ പനച്ചൂരാന്‍-ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഇഷാന്‍ ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു.

മാനസ രാധാകൃഷ്ണന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ , സിദ്ധീഖ് , വിനീത് മോഹന്‍, സുധി കോപ്പ, പ്രേംകുമാര്‍,ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ്, നോബി, ആര്യ, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here