നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്; എട്ട് പേരും ഒരു മുറിയില്‍; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ നടപടി

കാഠ്മണ്ഡു: എട്ട് മലയാളി ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും അവരുടെ കുട്ടികളുമാണ് മരിച്ചത്.

ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (4) അഭിനവ് (5), ആര്‍ച്ച (6), തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍ (39), ഭാര്യ ഇന്ദു രഞ്ജിത് (34) മകന്‍ വൈഷ്ണവ് (2) എന്നിവരാണ് മരിച്ചത്.

ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇരുകുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഡുപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഹോട്ടല്‍ മുറിയുടെ എല്ലാ വാതിലുകളും ജനലുകളും അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. തണുപ്പകറ്റാന്‍ ഇവര്‍ റൂമില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു മുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. മരിച്ച എട്ടു പേരും താമസിച്ചത് ഒരു മുറിയിലായിരുന്നു.

15 പേരടങ്ങിയ മലയാളി സംഘം കഴിഞ്ഞദിവസമാണ് നേപ്പാളിലെത്തിയത്. രഞ്ജിത്തിന്റെ സഹപാഠികളായ മിലിറ്ററി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗെറ്റ് ടുഗദറില്‍ പങ്കെടുത്ത ശേഷാണ് സംഘം നേപ്പാളിലേക്ക് യാത്ര നടത്തിയത്.

മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ എംബസിയിലെ ജീവനക്കാര്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി.

മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

തിരുവനന്തപുരം: നേപ്പാളിലെ ദമാനില്‍ റിസോര്‍ട്ട് മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here