റീബില്‍ഡ് കേരളയിൽ 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

റീബില്‍ഡ് കേരളയിൽ 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗത്തിന്‍റേതാണ് തീരുമാനം. റീബില്‍ഡ് കേരളയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.

കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 300 കോടി രൂപ, എട്ടുജില്ലകളിലായി 603 കിലോ മീറ്റര്‍ പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 488 കോടി,

വനങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും കണ്ടല്‍കാടുകളുടെ സംരക്ഷണത്തിനും വനാതിര്‍ത്തിക്കകത്ത് വരുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനും 130 കോടി,

കുടുംബശ്രീ മുഖേന ജീവനോപാധി പരിപാടികള്‍ നടപ്പാക്കുന്നതിന് 250 കോടി, ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നല്‍കി സംയോജിത കൃഷിയിലൂടെ ജീവനോപാധി മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കൃഷിവികസന പദ്ധതികള്‍ക്കായി 182.76 കോടി രൂപ എന്നിങ്ങനെയാണ് ഭരണാനുമതിയായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗമാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

റീബില്‍ഡ് കേരളയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച യോഗം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നല്ല പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തി. എല്ലാ പദ്ധതികളും കൂടുതല്‍ ജനകീയമാകണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

എല്ലാ വകുപ്പുകളും കേരളപുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുനര്‍നിര്‍മാണ പദ്ധതിക്ക് ലോകബാങ്കില്‍ നിന്ന് ആദ്യഗഡുവായി 1780 കോടി രൂപ വായ്പയായി ലഭിച്ചു. റോഡ് പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായിട്ടുണ്ട്.

ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള കേരളം നിര്‍മിക്കുക എന്ന ലക്ഷ്യമാണ് കേരള പുനര്‍നിര്‍മാണ വികസന പരിപാടി മുന്നോട്ടുവയ്ക്കുന്നത്.

ഇതിനായി വിവിധ മേഖലകളില്‍ പരിഷ്കരണം നടപ്പാക്കാനുള്ള കരട് നിര്‍ദ്ദേശങ്ങളും ഉപദേശക സമിതി ചര്‍ച്ച ചെയ്തു.

വിശദമായ പഠനത്തിന് ശേഷം മേഖലാ പരിഷ്കരണം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News