മാലിന്യ സംസ്‌ക്കരണം ഭാവി തലമുറയിലേക്ക് എത്തിക്കുന്നതിന് കേരളം മികച്ച മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ സംസ്‌ക്കരണം മികച്ച രീതിയില്‍ ഭാവി തലമുറയിലേക്കെത്തിക്കാന്‍ സംസ്ഥാനം ഇതിനോടകം തന്നെ മികച്ച മാതൃക തീര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഹരിത കേരളം മിഷന്‍ കനകക്കുന്ന് സൂര്യകാന്തിയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശുചിത്വ കാര്യങ്ങളില്‍ ഭാവിതലമുറയുടെ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്.

ഉറവിട മാലിന്യ സംസ്‌ക്കരണവും പ്ലാസ്റ്റിക് ബദല്‍ മാതൃകകളും സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തുവാനും അവരിലൂടെ മുതിര്‍ന്നവരിലേക്ക് ഇവ എത്തിക്കുന്നതിനും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഇത് കൂടുതല്‍ നിലനില്‍ക്കുകയും തുടര്‍ന്നു കൊണ്ടുപോകുന്നതിനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത് നാടാകെ ശുചിയായിരിക്കുക എന്നതു തന്നെയാണ്. ഉറവിട മാലിന്യ സംസ്‌ക്കരണമാണ് ഇക്കാര്യത്തില്‍ പ്രമുഖമായി എടുക്കേണ്ടത്.

ഉറവിട മാലിന്യ സംസ്‌ക്കരണത്തെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയശീലങ്ങള്‍ തുടരുകയാണ് പലരും.

കൂടുതല്‍ നല്ല നിലയില്‍ ശുചീകരണകാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ശുചീകരണമെന്നാല്‍ പരിസരമാകെ പൂര്‍ണമായി വൃത്തിയായിസൂക്ഷിക്കുക എന്നതാണ്.

നീരുറവകള്‍ ശുചിയാക്കുന്ന പ്രവര്‍ത്തനം നാട്ടുകാര്‍കൂടെ ഏറ്റെടുത്തതോടെ നദികളും തോടുകളും കിണറുകളും ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ നമുക്ക് ഒരുപരിധിവരെ വീണ്ടെടുക്കാനുമായിട്ടുണ്ട്.

പാര്‍വതീ പുത്തനാര്‍ പോലെയുള്ള ജലാശയങ്ങളില്‍ ജലപാതകളുടെ നവീകരണം നടത്തിയും ശുദ്ധമാക്കല്‍ പ്രക്രിയയെ സഹായിച്ചു. ഇവയെല്ലാം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ 2020ലെ ഹരിത അവാര്‍ഡുകളും വിതരണം ചെയ്തു. മികച്ച കോര്‍പ്പറേഷനായി തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും മികച്ച മുനിസിപ്പാലിറ്റിയായി മലപ്പുറം,

പൊന്നാനി മുനിസിപ്പാലിറ്റിയും മികച്ച ബ്ലോക്ക് പഞ്ചായത്തായി തൃശൂര്‍, പഴയന്നൂര്‍ ബ്ലോക്കും മികച്ച ഗ്രാമപഞ്ചായത്തായി കണ്ണൂര്‍, പടിയൂര്‍ ഗ്രാമപഞ്ചായത്തും തെരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here