തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഓടിക്കയറിയ യാത്രക്കാരെ കണ്ട് യാത്രികരെല്ലാം ആദ്യമൊന്നു ഞെട്ടി. കണ്ടു നിന്നവര്‍ ‘ദേ മഞ്ജു വാര്യര്‍..’ എന്ന് പറയുമ്പോഴേക്കും ഒരു കുസൃതി ചിരിയുമായി താരം ബസില്‍ നിന്ന് ഇറങ്ങി വന്നു. ചതുര്‍മുഖം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു മഞ്ജു.
ബസില്‍ ഓടിക്കയറുന്നതിന് തൊട്ടു മുന്‍പ് താരം ബസ് സ്റ്റാന്‍ഡില്‍ കാറില്‍ വന്നിറങ്ങുകയും കെഎസ്ആര്‍ടിസിയില്‍ ഓടിക്കയറുകയുമായിരുന്നു. സ്ഥലത്ത് സിനിമ ഷൂട്ടിങ്ങിന്റെ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും മഞ്ജു വാര്യരാണ് എത്തുന്നതെന്നതിന്റെ സൂചന പോലും ഇല്ലാതിരുന്നതിനാല്‍ താരത്തിന്റെ പ്രത്യക്ഷപ്പെടല്‍ കണ്ടു നിന്നവര്‍ക്കെല്ലാം അതിശയമായി.
കഴുത്തിന് കുറുകെ ഒരു സ്റ്റോളും ചെവിയില്‍ ഹെഡ്‌സെറ്റുമായി ഒരു കാഷ്വല്‍ കുര്‍ത്തയില്‍ താരം വന്നിറങ്ങുന്നതും ബസില്‍ കയറിയതുമായ ഷോട്ട് ഇതൊക്കെ കണ്ട് അതിശയിച്ചു നിന്ന കാണികളുടെ അമ്പരപ്പിനിടെ ഭംഗിയായി ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. ചിത്രീകരണം ഉടനെ താരം കാറില്‍ കയറി തിരികെ പോവുകയും ചെയ്തു. മഞ്ജു വാരിയറിനൊപ്പം സണ്ണി വെയിനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ചതുര്‍മുഖം.
രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വീ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
പൊതുവെ ജനമധ്യത്തിലും പൊതു ഇടങ്ങളിലും താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവുള്ളതല്ല.. എന്നാല്‍ അങ്ങ് ബോളിവുഡിലാകട്ടെ പൊതു സ്ഥലങ്ങളിലും ജനക്കൂട്ടത്തിലും പ്രത്യക്ഷപ്പെടാന്‍ മടിക്കാത്തവരാണ് മിക്ക താരങ്ങളും..
അടുത്തിടെ ബോളിവുഡ് താരം അമീര്‍ഖാനും കേരളത്തില്‍ ചിത്രീകരണത്തിനെത്തിയപ്പോള്‍ ജനക്കൂട്ടത്തിനിടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ കോസ്റ്റിയൂമിലായിരുന്നതിനാല്‍ ആളുകള്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും ബോളിവുഡ് താരത്തെ മനസ്സിലായപ്പോള്‍ സൂപ്പര്‍ താരത്തെ കേരളത്തിലെ ഒരു റോഡരികില്‍ അവിചാരിതമായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ആരാധകര്‍.

Get real time update about this post categories directly on your device, subscribe now.