ടിഡിപി നേതാക്കൾ അറസ്റ്റിൽ; ആന്ധ്രപ്രദേശിൽ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു

ആന്ധ്രപ്രദേശിൽ എംഎൽഎമാരെ നിയമസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ മുഖ്യപ്രതിപക്ഷമായ ടിഡിപിയുടെ പ്രതിഷേധം തുടരുന്നു. വിശാഖപട്ടണം, കുർണൂൽ, അമരാവതി എന്നീ നഗരങ്ങളെ തലസ്ഥാനമാക്കുന്ന ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ്‌ പ്രക്ഷോഭം.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ടിഡിപി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. നിരവധിപേർക്ക്‌ പരിക്കേറ്റു. അമരാവതിയിൽ പ്രതിഷേധിച്ച ടിഡിപി എംപി ജയദേവ്‌ ഗല്ലയെ പൊലീസ്‌ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ്‌ ചെയ്‌തു.

തിങ്കളാഴ്‌ച അർധരാത്രി മംഗലഗിരി കോടതിയിൽ ഹാജരാക്കിയ ഗല്ലയെ ഈ മാസം 31 വരെ റിമാൻഡ്‌ ചെയ്‌തു. നൂറുകണക്കിനു കർഷകരും സ്‌ത്രീകളും ബില്ലിൽ പ്രതിഷേധിച്ച്‌ ചൊവാഴ്‌ച സംസ്ഥാന നിയമസഭാ മന്ദിരത്തിലേക്ക്‌ മാർച്ച്‌ നടത്തി. ഇവരെ പൊലീസ്‌ ലാത്തിച്ചാർജ്‌ ചെയ്‌തു.

തിങ്കളാഴ്‌ച രാത്രിയാണ്‌ മൂന്ന്‌ തലസ്ഥാനം നിശ്ചയിച്ചുള്ള ബിൽ ആന്ധ്ര നിയമസഭ പാസാക്കിയത്‌. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ 17 ടിഡിപി എംഎൽഎമാരെ സ്‌പീക്കർ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ച ടിഡിപി നേതാവ്‌ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആന്ധ്രയിൽ പ്രക്ഷോഭം ആരംഭിച്ചത്‌.

നായിഡു ഉൾപ്പെടെ മാർച്ച്‌ നടത്താനൊരുങ്ങിയ 17 ടിഡിപി എംഎൽഎമാരെ തിങ്കളാഴ്‌ച അർധരാത്രി പൊലീസ്‌ കസ്റ്റഡിയിൽ എടുത്ത്‌ വിട്ടയച്ചു.

അമരാവതിയിൽ വൻ വികസനം കൊണ്ടുവരാനുള്ള ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌നപദ്ധതി തകർക്കുന്നതാണ്‌ ജഗൻ മോഹൻ റെഡ്ഡിയുടെ പുതിയ ബില്ലെന്ന്‌ ടിഡിപി ആരോപിച്ചു. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകരാണ്‌ പൊലീസുമായി ഏറ്റുമുട്ടിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News