കള്ളപ്പണം വെളുപ്പിക്കല്‍: റോബര്‍ട്ട് വാധ്ര യുടെ കുരുക്ക് മുറുകുന്നു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിസിനസ്‌ പങ്കാളി സിസി തമ്പി പിടിയിലായതോടെ റോബർട്ട്‌ വാധ്രയുടെ കുരുക്ക്‌ മുറുകി.

വെള്ളിയാഴ്‌ച അറസ്റ്റിലായ തമ്പിയുടെ കസ്റ്റഡി പ്രത്യേക സിബിഐ കോടതി മൂന്ന്‌ ദിവസത്തേക്കുകൂടി നീട്ടി. വാധ്രയുടെ ജാമ്യം റദ്ദാക്കാന്‍ എൻഫോഴ്‌സ്‌മെന്റ്‌ കോടതിയെ സമീപിച്ചു. കേസില്‍ രണ്ടു വർഷത്തിനിടെ 13 തവണ വാധ്രയെ ചോദ്യംചെയ്‌തു.

രണ്ടാം യുപിഎ കാലത്തെ പെട്രോളിയം ഇടപാടിലെ 1000 കോടി കോഴ എങ്ങനെ ചെലവിട്ടെന്ന ചോദ്യത്തിനാണ് ഇഡി ഉത്തരം തേടുന്നത്.

ആയുധ ഇടപാടുകാരൻ സഞ്‌ജയ്‌ ഭണ്ഡാരിയും സി സി തമ്പിയും മുഖേന വാധ്ര രാജ്യത്തിനകത്തും പുറത്തും സ്വത്ത് വാങ്ങിക്കൂട്ടി പണം വെളുപ്പിച്ചെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥര്‍ കരുതുന്നു.

തമ്പിയുടെ മേൽനോട്ടത്തിലുള്ള സ്‌കൈലൈറ്റ്‌ ഹോസ്‌പിറ്റാലിറ്റി, മേ ഫെയർ ഇൻവെസ്റ്റ്‌മെന്റ്‌ എന്നീ കമ്പനികള്‍ ഇതിന് സഹായിച്ചെന്ന് കരുതുന്നു.

ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്‌ക്വയറിലെ ആഡംബരവസതി ആദ്യം വാങ്ങുന്നത്‌ സഞ്‌ജയ്‌ ഭണ്ഡാരിയുടെ വോർട്ടെക്‌സ്‌ കമ്പനിയാണ്‌.

കെട്ടിടം പിന്നീട് തമ്പി നിയന്ത്രിക്കുന്ന കമ്പനിക്ക്‌ വിറ്റു. തമ്പി ഇവ വാങ്ങിയ വിലയ്‌ക്കുതന്നെ ഭണ്ഡാരിയുമായി ബന്ധമുള്ള സിൻടാക്‌ കമ്പനിക്ക്‌ വിറ്റു.

ദുബായിലും വാധ്രയ്‌ക്കുവേണ്ടി സ്വത്ത് വാങ്ങാൻ ഭണ്ഡാരി നീക്കം നടത്തി. ഇതിന്റെ രേഖ അന്വേഷണ ഏജൻസിക്ക് ലഭിച്ചു.

ചെറുവത്തൂർ ചേക്കുട്ടി തമ്പിയെന്ന സി സി തമ്പി തൃശൂർ പഴഞ്ഞി സ്വദേശിയാണ്‌. 70കളിൽ യുഎഇയിലേക്ക്‌ ചേക്കേറിയ തമ്പി ‘ഹോളിഡേ കൺസ്‌ട്രക്‌ഷൻസ്‌’ എന്ന നിർമാണക്കമ്പനി തുടങ്ങി.

അജ്‌മാനിലും ഷാർജയിലും ശ്രദ്ധനേടി. വാടകയ്‌ക്ക്‌ കാർ കൊടുക്കൽ, ഹോട്ടൽ ബിസിനസ്‌ തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്തി. 2008ൽ ചെറുവത്തൂർ ഫൗണ്ടേഷൻ തുടങ്ങിയ തമ്പി തൃശൂരിൽ എൻജിനിയറിങ്‌ കോളേജും തുടങ്ങി.

‘ഹോളിഡേ സിറ്റി സെന്റർ’ എന്ന പേരിൽ തുടങ്ങിയ മറ്റൊരു റിയൽഎസ്‌റ്റേറ്റ്‌ കമ്പനി മുഖേന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൃഷിഭൂമികൾ വാങ്ങിക്കൂട്ടി.

കേരളം, കർണാടകം, ഹരിയാന, ഉത്തർപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തി.

2009ൽ ചട്ടങ്ങൾ ലംഘിച്ച്‌ എൻജിനിയറിങ്‌ കോളേജിന്‌ എഐസിടിഇ അംഗീകാരം നേടിയതില്‍ തമ്പിക്കെതിരെ സിബിഐ കേസെടുത്തു.

2012ലാണ്‌ എൻഫോഴ്‌സ്‌മെന്റും ആദായനികുതിവകുപ്പും തമ്പിയുടെ നിക്ഷേപങ്ങളെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here