മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു: പ്രതി കീഴടങ്ങി; ആദിത്യ റാവു ഹിന്ദു ഐക്യവേദി കോര്‍ഡിനേറ്റര്‍

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. പ്രതി ഹിന്ദു ഐക്യവേദി കോര്‍ഡിനേറ്റര്‍ ആണെന്ന് സൂചന.

ഉഡുപ്പി മണിപ്പാല്‍ സ്വദേശിയായ കെ ആദിത്യ റാവു (36)വാണ് ബംഗളൂരു പൊലീസിനു മുന്നില്‍ ബുധനാഴ്ച്ച രാവിലെ കീഴടങ്ങിയത്. നേരത്തെ ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിന് ഇയാള്‍ പിടിയിലായിട്ടുണ്ട്.

ഈ കേസില്‍ ജയിലിലായിരുന്ന ആദിത്യ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മംഗളൂരു വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതിനു പിന്നിലും ആദിത്യ റാവുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ആദിത്യയുടെ വീട്ടിലെത്തി അന്വേഷണസംഘം മാതാപിതാക്കളെ ചോദ്യംചെയ്തു.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്, എംബിഎ ബിരുദധാരിയായ ആദിത്യ ബോംബ് ഭീഷണി കേസില്‍ 2018 ആഗസ്തിലാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്.

ബംഗളൂരു കെംപെഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിനും കെഎസ്ആര്‍ സിറ്റി റെയില്‍വേ സ്‌റ്റേഷനും നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണി മുഴക്കുകയായിരുന്നു.

സ്ഫോടകവസ്തു അടങ്ങിയ ബാഗ് മംഗളൂരു വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിനു സമീപമാണ് കഴിഞ്ഞ തിങ്കളാഴ്ച്ച കണ്ടെത്തിയത്.

അതിനിടെ വിമാനത്താവളത്തിലെ പ്രധാന ഭാഗങ്ങളിലെ ചില സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here