”പ്രതിഷേധക്കാരെ കൊല്ലാന്‍ യോഗിയുടെ നിര്‍ദേശം; യുപി പൊലീസ് വര്‍ഗീയ കുറ്റവാളികള്‍”; ഗുരുതര ആരോപണവുമായി പ്രശാന്ത് ഭൂഷന്‍

ദില്ലി: ഉത്തര്‍ പ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. മുസ്ലിങ്ങള്‍ക്കു നേരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും പൊലീസ് ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷന്റെ പ്രസ്താവന.

ഉത്തര്‍പ്രദേശ് പൊലീസ് സംഘടിത വര്‍ഗീയ കുറ്റവാളികളാണെന്നാണ് പ്രശാന്ത് ഭൂഷന്‍ പറഞ്ഞത്.

‘ഉത്തര്‍ പ്രദേശ് പൊലീസ് സംഘടിതമായ ഏറ്റവും വലിയ കുറ്റവാളികളാണെന്ന് 1950ല്‍ ജസ്റ്റിസ് മുല്ല പറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇന്നും അത് കാണാന്‍ കഴിയുന്നുണ്ട്. എന്തു തന്നെയായാലും നിലവിലെ സാഹചര്യത്തില്‍ അവരെ വെറും കുറ്റവാളികളെന്നല്ല, സംഘടിത വര്‍ഗീയ കുറ്റവാളികളെന്നാണ് വിളിക്കേണ്ടത്,’ പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

ജസ്റ്റിസ് എ.എന്‍ മുല്ലയുടെ വിധിയെ അവലംബിച്ചായിരുന്നു പ്രശാന്ത് ഭൂഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ യു.പി പൊലീസിനെതിരെ ആരോപണമുന്നയിച്ചത്.

പ്രതിഷേധക്കാര്‍ക്കു നേരെ പ്രതികാര നടപടിയെടുക്കുമെന്ന് ആഹ്വാനം ചെയ്ത യു.പി മുഖ്യമന്ത്രിയ്ക്കു നേരെ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തു വിട്ടത്. മുഖ്യമന്ത്രി ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും ഇദ്ദേഹത്തിനെതിരെ 10 ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉണ്ടെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

കൊലപാതക ശ്രമം, കൊലപാതകം നടത്താനായി ഗൂഢാലോചന നടത്തുക, ലഹള, വര്‍ഗീയ കലാപം, വര്‍ഗീയ വിദ്വേഷ പ്രസംഗം തുടങ്ങിയ കേസുകള്‍ യോഗി ആദിത്യ നാഥിന്റെ പേരില്‍ ഉണ്ടെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

നീതിന്യായ വ്യവസ്ഥ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഭൂഷന്‍ ആരോപിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാനത്തെ അരാജകത്വ സാഹചര്യത്തില്‍ മിണ്ടാതിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ അടിയന്തരാവസ്ഥാ കാലത്ത് പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരെ കൊല്ലാനാണ് യുപി പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അവിടെ ആര്‍ക്കും അരയ്ക്കു താഴെ വെടിയേറ്റിട്ടില്ല. അതായത് പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് യു.പി പൊലീസ് വെടിവെച്ചതെന്നും പ്രശാന്ത് ഭൂഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News