പുതുവര്‍ഷത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് പുതുജീവിതമേകി 12 മണിക്കൂര്‍ നീണ്ട ഹൃദയശസ്ത്രക്രിയ

പുതുവര്‍ഷത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന 12 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം. പോത്തന്‍കോട് സ്വദേശിയായ 42 വയസുള്ള ടാപ്പിംഗ് തൊഴിലാളിയ്ക്കാണ് കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ചികിത്സയിലൂടെ അസുഖം ഭേദമായത്. ശ്വാസം മുട്ടലും പുറം വേദനയുമായാണ് ഇയാള്‍ കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.

കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ ജോര്‍ജ് കോശിയുടെ മേല്‍നോട്ടത്തില്‍ എക്കോ, സി ടി സ്‌കാന്‍ പരിശോധനയില്‍ ഹൃദയത്തില്‍ നിന്നും രക്തം തലച്ചോറിലേയ്ക്കും മറ്റ് ശരീരഭാഗങ്ങളിലേയ്ക്കും എത്തിക്കുന്ന മഹാധമനിയില്‍ വിണ്ടുകീറല്‍ കണ്ടെത്തി. ശ്വാസം മുട്ടലിന്റെ കാരണവും അതായിരുന്നു. അതോടൊപ്പം ഹൃദയവാല്‍വിലും ചോര്‍ച്ചയും ഉള്ളതായി സ്ഥിരീകരിച്ചു. ഇതോടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താന്‍ തീരുമാനമായി.

കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഡിസംബര്‍ 31 ന് രാത്രിയില്‍ പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ നടന്നു. ഹാര്‍ട്ട് ലങ്‌മെഷീന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. മഹാധമനിയും ഹൃദയത്തിനും മഹാധമനിക്കും ഇടയിലുള്ള വാല്‍വ് എന്നിവ മാറ്റി കൃത്രിമ ധമനിയും വാല്‍വും വച്ചുപിടിപ്പിച്ചു.

ഹൃദയത്തിലേക്കുള്ള കൊറോണറി രക്തക്കുഴലുകള്‍ പുതിയ കൃത്രിമ ധമനിയിലേക്ക് ഘടിപ്പിച്ചു. താപനില 37 ഡിഗ്രിയില്‍ നിന്ന് 18 ഡിഗ്രി വരെ തണുപ്പിച്ച് രക്തചംക്രമണം അല്‍പ്പനേരം നിറുത്തി വച്ചാണ് മഹാധമനിയുടെ ആര്‍ച്ച് ഭാഗം റിപ്പയര്‍ ചെയ്തത്. തൊറാസിക് സര്‍ജന്മാരായ ഡോ അരവിന്ദ് രാമന്‍, ഡോ ഷഫീക്ക്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഗോപാലകൃഷ്ണന്‍, ഷീലാ വര്‍ഗ്ഗീസ്, തുഷാര എന്നിവരും റെസിഡന്റുമാരായ ഡോ കിഷോര്‍, ഡോ സോണി, ഡോ ഫൈസല്‍, ഡോ മനൂബ് പെര്‍ഫ്യൂഷനിസ്റ്റ് കൃഷ്ണരാജ്, തിയേറ്റര്‍ നഴ്‌സുമാരായ സൂര്യ, റിന്‍സി എന്നിവരും സംഘത്തിലുണ്ടായിരുന്നു
പാരമ്പര്യമായി വരുന്ന ചില ജനിതക തകരാറുകള്‍, കടുത്ത രക്തസമ്മര്‍ദ്ദം എന്നിവ മൂലം മഹാധമനിക്ക് വിണ്ടുകീറല്‍ സംഭവിക്കാമെന്ന് ഡോ അബ്ദുള്‍ റഷീദ് പറഞ്ഞു.

അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുന്ന രോഗാവസ്ഥയാണ് മഹാധമനിയിലെ വിണ്ടുകീറല്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തിയേറ്റര്‍, ഐ സി യു സൗകര്യങ്ങള്‍ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും സഹായകമായി. സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ നിരക്കില്‍ വിജയകരമായി പൂര്‍ത്തികരിച്ചത്.
കഴിഞ്ഞ ദിവസം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News