ഇത്തവണയും പവര്‍ക്കട്ടില്ല; പുരപ്പുറ സോളാര്‍ പദ്ധതി നിര്‍മ്മാണകരാര്‍ ഒപ്പുവച്ചു: എം എം മണി

തിരുവനന്തപുരം: ഊര്‍ജ്ജ കേരളമിഷന്റെ ഭാഗമായുള്ള സൗര പുരപ്പുറ സോളാര്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട 50മെഗാവാട്ട് പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ഒപ്പുവച്ചു. വൈദ്യുതി മന്ത്രി എം എം മണിയുടെ സാന്നിധ്യത്തില്‍ ടാറ്റാ സോളാര്‍ പവര്‍, വാരി പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍കെല്‍ കേരള എന്നിവരുമായാണ് കെഎസ്ഇബി കരാര്‍ ഒപ്പിട്ടത്.

ടാറ്റാ സോളാര്‍ പവറിന്റെ പ്രതിനിധി രവീന്ദര്‍ സിംഗും സൗരപദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ നാസറുദ്ദീനുമാണ് കരാര്‍ ഒപ്പുവച്ചത്. ജൂണ്‍ മാസം വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും ഇത്തവണ പവര്‍ കട്ട് ഉണ്ടാവില്ലെന്നും തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കൂടംകുളം പവര്‍ ഹൈവേ ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടി വന്നാല്‍ സംസ്ഥാനത്തിന് ഈ ലൈന്‍ പ്രയോജനപ്പെടുത്താനാവും.

പുനലൂര്‍ തൃശൂര്‍ പവര്‍ ഹൈവേയില്‍ 1.2 കിലോമീറ്റര്‍ മാത്രമാണ് ഇനി കേബിളിടാനുള്ളത്. ഇടുക്കിയില്‍ രണ്ടാം നിലയം പരിഗണനയിലാണെന്നും ഇതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആയിരം മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. നിലവില്‍ 200 മെഗാവാട്ടില്‍ താഴെയാണ് ഉത്പാദനം. ഇപ്പോള്‍ കരാറായ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 50മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക.

ടാറ്റാ സോളാര്‍ പവറിന് പുറമെ കേരള കമ്പനിയായ ഇന്‍കെല്‍ അഞ്ച് മെഗാവാട്ട് വൈദ്യുതിയും വാരി പ്രൈവറ്റ് ലിമിറ്റഡ് 6.5 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നതിന് സംവിധാനം ഒരുക്കും. പുരപ്പുറ സോളാര്‍ പദ്ധതിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ഡാമുകളിലെ ഫ്ളോട്ടിംഗ് സോളാര്‍ പാനലുകളിലൂടെ 500 മെഗാവാട്ടും ഉത്പാദിപ്പിക്കും. ഇടുക്കി ഡാമില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍. ടി. പി. സി പരിശോധന നടത്തിയിട്ടുണ്ട്.

ഇവിടെ 400 മെഗാവാട്ട് ഉത്പാദനം സാധ്യമാകുമെന്നാണ് കരുതുന്നത്. ബാണാസുരസാഗര്‍ ഡാമില്‍ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പാനല്‍ സ്ഥാപിച്ചിരുന്നു. കാസര്‍കോട് പൈവെളികയിലെ 55 മെഗാവാട്ട് സോളാര്‍ പാര്‍ക്ക്, കായംകുളത്ത് എന്‍.ടി.പി.സിയുമായി ചേര്‍ന്ന് 92 മെഗാവാട്ട് ഫ്ളോട്ടിംഗ് സോളാര്‍, വെസ്റ്റ് കല്ലടയില്‍ എന്‍. എച്ച്. പി. സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 50 മെഗാവാട്ടിന്റെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

സൗരപദ്ധതിയുടെ ഭാഗമായുള്ള പുരപ്പുറ സോളാര്‍ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന 2,78,264 പേരില്‍ 42500 പേരാണ് ആദ്യഘട്ടത്തിലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News