ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പ്; രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ

ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പുമായി രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി) സഹകരിച്ച് കേരള സ്റ്റാർട്ടപ് മിഷൻ ആരംഭിക്കുന്ന സൂപ്പർ ഫാബ് ലാബ് അമേരിക്കയ്‌ക്ക്‌ പുറത്ത് ആദ്യത്തേതാണ്.

കളമശേരിയിലെ സംയോജിത സ്‌റ്റാർട്ടപ്പ്‌ സമുച്ചയത്തിൽ 10,000 ചതുരശ്രയടി സ്ഥലത്താണ് സൂപ്പർ ഫാബ് ലാബ് ഒരുക്കുന്നത്‌.

ഏഴു കോടിയിൽപ്പരം രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണ് ലാബിൽ സജ്ജമാകുന്നത്. ഇതോടെ കളമശേരിയിലെ സംയോജിത സ്‌റ്റാർട്ടപ് സമുച്ചയം രാജ്യത്തെ സുപ്രധാനമായ സംരംഭക സൗഹൃദകേന്ദ്രമാകും.

ശനിയാഴ്ച പാലക്കാട് ഗവ. പോളിടെക്നിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ചോൺ ചെയ്ത് സൂപ്പർ ഫാബ് ലാബിന്റെ ഉദ്ഘാടനം നിർവഹിക്കും.

പാലക്കാട് മിനി ഫാബ് ലാബിന്റെയും പാലക്കാട് ഇൻകുബേഷൻ സെന്റർ ഫോർ സ്റ്റാർട്ടപ്‌സിന്റെയും ഉദ്ഘാടനവും ഇതിനൊപ്പം നടക്കും.

കേരളത്തിലെ ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളുടെയും ഹാർഡ്‌വെയർ കമ്പനികളുടെയും വളർച്ചയ്‌ക്ക് സൂപ്പർ ഫാബ് ലാബ് വഴിയൊരുക്കുമെന്ന്‌ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

യന്ത്രങ്ങളുടെ യന്ത്രം

യന്ത്രങ്ങൾ നിർമിക്കുന്ന യന്ത്രമെന്നാണ് ഫാബ് ലാബുകളെ വിശേഷിപ്പിക്കുന്നത്‌. സ്റ്റാർട്ടപ് സംരംഭങ്ങളുടെ ആശയങ്ങൾക്കനുസരിച്ചുള്ള വിപണി മാതൃകകൾ തയ്യാറാക്കാൻ ഇതുവഴി സാധിക്കും.

കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ് ഉൽപ്പന്നങ്ങളായ ബാൻഡികൂട്ട് റോബോട്ട്‌, രാജ്യത്തെ ആദ്യ ജലാന്തർ ഡ്രോൺ ഐറോവ് ട്യൂണ എന്നിവയുടെ മാതൃകകൾ നിലവിലുള്ള ഫാബ് ലാബുകളിലാണ് നിർമിച്ചത്.

അതിസൂക്ഷ്മതയുള്ള ത്രിഡി സ്കാനിങ്ങിനും പ്രിന്റിങ്ങിനുമുള്ള സൗകര്യമാണ് സൂപ്പർ ഫാബ് ലാബിനെ ഇതിൽനിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌.

പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യുന്നതിനുള്ള ഹൈസ്പീഡ് മെഷീനുകൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും അവ പരിശോധിക്കുന്നതിനുമുള്ള ഉപകരണങ്ങളും ഇവിടെയുണ്ടാകും.

തടിയിലെ പ്രവർത്തനങ്ങൾക്കും ഫർണിച്ചർ പ്രൊട്ടോടൈപ്പിങ്ങിനുമുള്ള മെഷീനുകളും സൂപ്പർ ഫാബ് ലാബിലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News