തൊഴിലാളികളെ വരവേല്‍ക്കാന്‍ തമിഴകമൊരുങ്ങി; സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയില്‍ ഇന്ന് ചെങ്കൊടി ഉയരും

ചെന്നൈ: സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ചരിത്രം നെഞ്ചേറ്റുന്ന തമിഴക മണ്ണിൽ തൊഴിലാളിവർഗത്തിന്റെ പുത്തൻ കുതിപ്പിന് വേദിയൊരുങ്ങി.

സിഐടിയു 16–ാം അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയിൽ വ്യാഴാഴ്ച പതാക ഉയരും. റോയപ്പേട്ട വൈഎംസിഎ മൈതാനത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദി (മുഹമ്മദ് അമീൻ നഗർ)യിലാണ് അഞ്ചു ദിവസം നീളുന്ന സമ്മേളനം.

മൂന്നാം തവണയാണ് സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈ വേദിയാകുന്നത്. 1979ൽ നാലാം അഖിലേന്ത്യാ സമ്മേളനവും 2003ൽ 11–ാം സമ്മേളനവും തമിഴകത്തായിരുന്നു. സിഐടിയു രൂപീകരണത്തിന്റെ സുവർണ ജൂബിലി വർഷത്തിലാണ് സമ്മേളനം.

കീഴ് വെൺമണി, ചിന്നയംപാളയം ഉൾപ്പെടെ തമിഴകത്തെ അസംഖ്യം രണഭൂമികളുടെ സ്മരണകളുമായി ദീപശിഖാ ജാഥകൾ വ്യാഴാഴ്ച രാവിലെ ചെന്നൈയിൽ സംഗമിക്കും.

പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് വ്യാഴാഴ്ച രാവിലെ പത്തിന് സിഐടിയു പ്രസിഡന്റ് കെ ഹേമലത പതാക ഉയർത്തും.

തുടർന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഡബ്ല്യുഎഫ്ടിയു പ്രസിഡന്റ് മാൺഡിൽ മൈക്കിൾ മക്വായിബ അഭിവാദ്യം ചെയ്യും.

നേതാജി സുഭാഷ് ചന്ദ്രബോസിനെ സമ്മേളനം അനുസ്മരിക്കും. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം അവതരിപ്പിക്കും.

ഉച്ചയ്ക്കുശേഷം ജനറൽ സെക്രട്ടറി തപൻ സെൻ പ്രവർത്തന റിപ്പോർട്ടും തുടർന്ന് ട്രഷറർ എം എൽ മാൽക്കോട്ടിയ കണക്കും അവതരിപ്പിക്കും.

60 ലക്ഷം അംഗങ്ങളെ പ്രതിനിധാനംചെയ്ത് 2000 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. കേരളത്തിൽനിന്ന് 735 പ്രതിനിധികൾ പങ്കെടുക്കും. 27നു വൈകിട്ട് ലക്ഷംപേർ അണിനിരക്കുന്ന റാലിയോടെ സമാപിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News