സൗദി: ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും.
സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 30 ഓളം മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്. ഇവരെ പ്രത്യേക മുറിയിലേക്ക് മാറ്റി.
നഴ്സിന് കൊറോണ വൈറസ് ബാധിച്ച കാര്യം ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവയ്ക്കുന്നതായും നഴ്സുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രോഗവിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.
അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. നിലവില്‍ അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 50ഓളം പേര്‍ ഗുരുതരാവസ്ഥയിലാണ്. വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തിലെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളുമടക്കം പൊതുഗതാഗതസംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.
ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരനാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.
വൈറസ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ അടക്കം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സൗദിയില്‍ രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Get real time update about this post categories directly on your device, subscribe now.