ബിജെപി കോട്ടയം ജില്ലാ ഘടകത്തില്‍ അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു

ബിജെപി കോട്ടയം ജില്ലാ ഘടകത്തില്‍ അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നിലവില്‍ പ്രസിഡന്റ് എന്‍ ഹരി അധ്യക്ഷ സ്ഥാനത്ത് വീണ്ടും തുടരുവാന്‍ ശ്രമം നടത്തുമ്പോള്‍ ഹരിയെ മാറ്റണമെന്ന വാദവുമായാണ് ഒരു പക്ഷം രംഗത്ത് വന്നിരിക്കുന്നത്.

ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് എന്‍ ഹരി അനധികൃതമായ സ്വത്തുസമ്പാദനം നടത്തുകയും പാലാ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ വോട്ട് മറിച്ചു വിറ്റതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് പാലായില്‍ കേരളാ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ബിനു പുളിക്കക്കണ്ടം ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ നിന്നും രാജിവച്ചിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പോടെയാണ് ഹരിയ്ക്കെതിരെ വിമര്‍ശനം ശക്തമായത്. പാലായില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ഗണ്യമായി കുറഞ്ഞത് ഹരിയുടെ അധ്യക്ഷ പദവിയേയും സ്ഥാനാര്‍ത്ഥിത്വത്തെയും ചോദ്യം ചെയ്തിരുന്നു. 60 ശതമാനത്തിലേറെ ഹിന്ദുവോട്ടുകളുള്ള പാലായില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിയാത്തത് രൂക്ഷമായ വിമര്‍ശനമാണ് ബിജെപിക്കുള്ളില്‍ ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് ഹരി മാറണമെന്ന ആവശ്യം ശക്തമാകുന്നത്.

ഹരിക്ക് പകരം ആരെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരുമെന്ന ചോദ്യത്തിന് വൈക്കം മണ്ഡലത്തിന്റെ ചുമതലയുള്ള പി.ജി.ബിജുകുമാറിന്റെ പേരാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. അതേസമയം തന്നെ സുരേന്ദ്രന്‍ പക്ഷക്കാരനായ ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാലിന്റെ പേരും ഒരു പക്ഷം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ജില്ലാ പ്രസിഡന്റ സ്ഥാനത്ത് എങ്ങനേയും ഒരു ടേം കൂടി തുടരുവാനാണ് ഹരിയുടെ നീക്കം.

ബിഡിജെഎസിന് ഏറെ സ്വാധീനമുള്ള കോട്ടയം ജില്ലയില്‍ അവരുടെ കൂടി താല്‍പര്യം പരിഗണിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇതും ഹരിയ്ക്ക് തിരിച്ചടിയാവുകയാണ്. അതേസമയം എന്‍എസ്എസിന്റെ മാനസികമായ പിന്തുണ തനിക്കാണെന്നാണ് ഹരിയുടെ അവകാശവാദം.

ബിഡിജെഎസ് മുന്നണി വിടുമെന്ന ഭീഷണി നിലനില്‍ക്കേ ജില്ലയില്‍ അവര്‍ക്കുകൂടി താല്‍പര്യമുള്ള ആളെ അധ്യക്ഷനാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചാല്‍ ജില്ലയില്‍ പുതിയ അധ്യക്ഷന്‍ വരുമെന്നകാര്യം ഉറപ്പ്. ബിജെപി ജില്ലാഘടകത്തില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും സംഘടനയുടെ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുമെന്ന ആക്ഷേപവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News