രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്തത് 132 യുഎപിഎ കേസുകള്‍; യുഎപിഎയ്‌ക്കെതിരായ സിപിഐ എം നിലപാടില്‍ മാറ്റമില്ല : പി മോഹനന്‍

കോഴിക്കോട്: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ കേരളത്തില്‍ 132 യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഇതില്‍ കൂടുതലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും വിശിഷ്യാ സിപിഐ എം പ്രവര്‍ത്തകര്‍ക്കും എതിരെയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസുകള്‍ എന്‍ഐഎയ്ക്ക് ഏറ്റെടുക്കാന്‍ വഴിയൊരുക്കിയ യുഎപിഎ നിയമഭേദഗതിയെ പിന്തുണച്ച് വോട്ട് ചെയ്തവരുമാണ് കോണ്‍ഗ്രസുകാര്‍ എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഎപിഎ നിയമം ചുമത്തേണ്ടതില്ല എന്നതാണ് സിപിഐ എം നിലപാടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പി മോഹനന്‍ പറഞ്ഞു. മാവോയിസ്റ്റായാലും യുഎപിഎ ചുമത്തരുത് എന്ന നിലപാടില്‍ മാറ്റമില്ല. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്.പൊലീസ് യുഎപിഎ ചുമത്തിയാല്‍ യുഎപിഎ സമിതി പുനഃപരിശോധിക്കും. ഈ കേസിലും അതുണ്ടാകും.

മറ്റൊരു ആശയത്തിന്റെ വക്താക്കളാകാന്‍ ശ്രമിക്കുന്നവരെ തിരുത്തിയെടുക്കുകയാണ് വേണ്ടത്. പന്തീരങ്കാവില്‍ അറസ്റ്റിലായ കുട്ടികളെ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അവരുടെ ഭാഗം കൂടി കേട്ടശേഷമേ അന്വേഷണം പൂര്‍ത്തിയാകൂ.
കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് ഗൗരവമായി ഇടപെട്ട് പരിഹരിക്കും. ഇരുവരും നിരപരാധിത്വം തെളിയിച്ച് പുറത്തുവരണം എന്നാണ് ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News