‘ഏറ്റവും ഇഷ്ടപ്പെടുന്നത് ചെയ്യുന്നതല്ലേ സന്തോഷം’; ന്യൂസിലന്‍ഡിനെതിരെ സിക്സറടിക്കുന്ന വീഡിയോ പങ്കുവെച്ച് സഞ്ജു

ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഒന്നാം ഔദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എയുടെ വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണും മികച്ച പങ്കുവഹിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് എ ടീം 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍, പൃഥ്വി ഷായുടെയും (35 പന്തില്‍ 48 റണ്‍സ്) സഞ്ജു സാംസണിന്റെയും (21 പന്തില്‍ 39) ബാറ്റിങ് മികവിലാണ് ഇന്ത്യ എ അനായാസം വിജയത്തിലെത്തിയത്.

മത്സരത്തിനു പിന്നാലെ ഇതാ ന്യൂസീലന്‍ഡ് എ ടീമിനെതിരെ നേടിയ തകര്‍പ്പന്‍ സിക്‌സറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് സഞ്ജു. ‘ഇതുപോലെ പന്ത് കണക്ട് ചെയ്യാന്‍ സാധിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കുക അസാധ്യം. ഇഷ്ടമുള്ളതു ചെയ്യാന്‍ സാധിക്കുന്ന ഈ ജീവിതം വിസ്മയകരം’ – എന്ന കുറിപ്പോടെയാണ് സഞ്ജു വിഡിയോ പങ്കുവച്ചത്.

നേരത്തെ, സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം തകര്‍ത്തടിച്ചതോടെ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം 123 പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ടോസ് നേടിയ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡിന് ഓപ്പണര്‍ രചിന്‍ രവീന്ദ്ര (58 പന്തില്‍ 49), ക്യാപ്റ്റന്‍ ടോം ബ്രൂസ് (55 പന്തില്‍ 47) എന്നിവരുടെ പ്രകടനങ്ങളാണ് കരുത്തായത്. കോള്‍ മക്കോന്‍ചി 38 പന്തില്‍ 34 റണ്‍സെടുത്തു. ഗ്ലെന്‍ ഫിലിപ്‌സ് (32 പന്തില്‍ 24), കൈല്‍ ജാമിസന്‍ (21 പന്തില്‍ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 3 വിക്കറ്റും ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയവരെല്ലാം തകര്‍ത്തടിച്ചതോടെ 123 പന്തുകള്‍ ബാക്കിനിര്‍ത്തി ടീം വിജയം തൊട്ടു. 35 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും സഹിതം 48 റണ്‍സെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 21 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 39 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ (29 പന്തില്‍ 29), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (36 പന്തില്‍ 30), സൂര്യകുമാര്‍ യാദവ് (18 പന്തില്‍ 35), വിജയ് ശങ്കര്‍ (25 പന്തില്‍ പുറത്താകാതെ 20), ക്രുനാല്‍ പാണ്ഡ്യ (13 പന്തില്‍ പുറത്താകാതെ 15) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി ഷാ – മായങ്ക് അഗര്‍വാള്‍ സഖ്യം 79 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കമാണ് ടീമിനു നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ – സഞ്ജു സാംസണ്‍ സഖ്യം 66 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയ വിജയത്തിലേക്കു കൈപിടിച്ചു. ന്യൂസീലന്‍ഡിനായി ജയിംസ് നീഷം രണ്ടും അജാസ് പട്ടേല്‍, ടോഡ് ആസില്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം, പരമ്പരയിലെ രണ്ടാം മത്സരം നാളെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കാനിരിക്കെ സഞ്ജു കളിക്കാന്‍ സാധ്യത വിരളമാണ്. നാളെത്തന്നെ ഇന്ത്യ സീനിയര്‍ ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനവും ആരംഭിക്കുന്നതാണ് കാരണം. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനു പകരം സഞ്ജുവിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജു സീനിയര്‍ ടീമിനൊപ്പം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News