പാതിരാമണല്‍ ദ്വീപിന് സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി

ആലപ്പുഴ: മുഹമ്മ പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വലിയ ഹൗസ്‌ബോട്ടിനാണ് തീ പിടിച്ചത്. 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് അഗ്നിക്കിരയായത്.

കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഇതിനിടെ തീപിടുത്തത്തില്‍ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി.

യാത്രക്കാരെ ജലഗതാഗതവകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തി കുമരകത്ത് നിന്നും ഹൗസ്ബോട്ട് എടുത്തവരില്‍ 10 മുതിര്‍വരും മൂന്ന് കുട്ടികളും ഉള്‍പ്പെടെ 13 പേര്‍ ഉണ്ടായിരുന്നു.

കരയില്‍ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടിരുന്നു. തീ പിടുത്തമുണ്ടായ ഹൗസ് ബോട്ടിനരികെ മറ്റ് ഹൗസ് ബോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തീ പടരുമോ എന്ന ഭയം മൂലം അവര്‍ അടുത്തില്ല. യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഹൗസ് ബോട്ട് കായലിലൂടെ ഒഴുകി നീങ്ങി.

ആളപായമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളെ മുഹമ്മ സ്റ്റേഷനില്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News