ലംബി സ്കിൻ രോഗം; പ്രതിരോധ നടപടികളുമായി മൃഗ സംരക്ഷണ വകുപ്പ്

കന്നുകാലികളിൽ പകർച്ചവ്യാധിയായ ലംബി സ്കിൻ രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി മൃഗ സംരക്ഷണ വകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിലേക്ക് പ്രതിരോധ വാക്സിനുകളെത്തിച്ചു

പാലക്കാട്, മലപ്പുറം, തൃശൂർ, കോട്ടയം ജില്ലകളിലാണ് ലംബി സ്കിൻ രോഗം നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ച കന്നുകാലികളുടെ ശരീരത്തിൽ മുഴകൾ വന്ന് പൊട്ടി വ്രണമായി മാറും.

പശുക്കളിൽ പാലുത്പാദനം വളരെയധികം കുറയും. രോഗം ബാധിച്ച് കന്നുകാലികൾ ചത്തതായും പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 600 ലധികം പശുക്കൾക്കാണ് രോഗം കണ്ടെത്തിയത്.

വിശദമായ പരിശോധനയിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഗുജറാത്തിൽ നിന്നാണ് പ്രതിരോധ വാക്സിൻ എത്തിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കാസർകോഡ് , തൃശൂർ ജില്ലകളിലേക്കായി
37500 ഡോസ് പ്രതിരോധ വാക്സിനാണ് എത്തിച്ചിരുന്നത്. രോഗം നിയന്ത്രണ വിധേയമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

മനുഷ്യരിലേക്കോ, മറ്റു വളർത്തു മൃഗങ്ങളിലേക്കോ രോഗം പടരില്ല. രോഗ ബാധയുളള പശുവിന്റെ പാൽ ഉപയോഗിക്കുന്നതിനും പ്രശ്നമില്ലെന്ന് അധികൃതർ പറഞ്ഞു.

രോഗം പടരുന്നത് തടയാൻ രോഗ ബാധ കണ്ടെത്തിയ പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ റിംഗ് വാക്സിനേഷൻ നടത്തും. മൃഗ സംരക്ഷണ വകുപ്പ് വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് മൂന്ന് ദിവസത്തിനകം പ്രതിരോധ കുത്തിവെയ്പ് പൂർത്തിയാക്കും.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here