കെപിസിസി തെരഞ്ഞെടുപ്പ്: ജംബോ പട്ടികയ്ക്ക് ഹൈക്കമാന്‍റിന്‍റെ വെട്ട്

തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ ഗ്രൂപ്പ്‌ വീതംവയ്‌പിലൂടെ രൂപംകൊടുത്ത കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ്‌ വെട്ടി.

ആറ്‌ വർക്കിങ്‌ പ്രസിഡന്റുമാരിൽ നാലുപേരെയും ഇരട്ടപ്പദവി വേണ്ടെന്ന മാനദണ്ഡം മുൻനിർത്തി എംപിമാരെയും എംഎൽഎമാരെയും ഒഴിവാക്കി.

വി ഡി സതീശൻ, ടി എൻ പ്രതാപൻ, എ പി അനിൽകുമാർ എന്നിവർ പാർടിപദവി വേണ്ടെന്ന്‌ അറിയിച്ചത്‌ നേതൃത്വത്തെ വെട്ടിലാക്കി.

ഒഴിയാൻ തയ്യാറല്ലെന്ന്‌ തറപ്പിച്ച്‌ പറഞ്ഞ കൊടിക്കുന്നിൽ സുരേഷ്‌, കെ സുധാകരൻ എന്നിവരെ വർക്കിങ്‌ പ്രസിഡന്റുമാരായി നിലനിർത്തി. .

127 പേരുടെ ജംബോ പട്ടികയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയത്‌. ഇത്‌ കടുംവെട്ടിലൂടെ ഹൈക്കമാൻഡ്‌ 45 ആയി കുറച്ചു. 10 വൈസ്‌ പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും ഇടംനേടി.

സെക്രട്ടറിമാരുടെ നിയമനം മാറ്റിവച്ചു. ഈ പദവിയിലേക്ക്‌ 70 പേരുണ്ട്‌. ജനറൽ സെക്രട്ടറിമാരിൽ പത്ത്‌ വീതം എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടു.

പി സി ചാക്കോ, വി എം സുധീരൻ, കെ സി വേണുഗോപാൽ തുടങ്ങിയവരുടെ നോമിനികളാണ്‌ ശേഷിക്കുന്നവർ. ഗ്രൂപ്പ്‌ രഹിത ഗണത്തിൽ മുല്ലപ്പള്ളിയും ഏതാനുംപേരെ തിരുകിക്കയറ്റി.

ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും നടത്തിയ ചർച്ചയ്‌ക്കുശേഷം 127 പേരുടെ പട്ടികയാണ്‌ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികിന്‌ കൈമാറിയത്‌. ഇതാണ്‌ 45 ആയി കുറച്ചത്‌. മുല്ലപ്പള്ളി ദിവസങ്ങളായി ഡൽഹിയിൽ തമ്പടിച്ചു.

എ, ഐ ഗ്രൂപ്പുകൾക്കുവേണ്ടി ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചർച്ചകളിൽ പങ്കാളികകളായി. സോണിയ ഗാന്ധിയിൽ നേരിട്ട്‌ സമ്മർദം ചെലുത്തി വർക്കിങ്‌ പ്രസിഡന്റ്‌ പട്ടികയിൽ ഇടം നേടിയ മുൻ എംപി കെ വി തോമസിനെയും അവസാന നിമിഷം വെട്ടിയതായാണ്‌ സൂചന.

എ കെ ആന്റണിയുടെ ഇടപെടലിനെത്തുടർന്ന്‌ ബെന്നി ബഹനാന്‌ പകരം എം എം ഹസ്സനെ യുഡിഎഫ്‌ കൺവീനർ പദവിയിൽ അവരോധിക്കാനും ധാരണയായിട്ടുണ്ട്‌.

പത്മജ വേണുഗോപാൽ, ശൂരനാട്‌ രാജശേഖരൻ, ടി സിദ്ദിഖ്‌, ജോസഫ്‌വാഴയ്‌ക്കൻ, പി സി വിഷ്‌ണുനാഥ്‌ തുടങ്ങിയവർ വൈസ്‌ പ്രസിഡന്റുമാരാകും.

മുല്ലപ്പള്ളി വ്യാഴാഴ്‌ച കേരളത്തിൽ മടങ്ങിയെത്തി. റായ്‌ബറേലിയിലുള്ള സോണിയ ഗാന്ധി ഡൽഹിയിൽ എത്തിയശേഷം പട്ടിക അംഗീകരിക്കുമെന്നാണ്‌ സൂചന. പലരെയും അവസാനം വെട്ടിമാറ്റിയതിൽ അമർഷം പുകയുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News