ചേര്‍ത്തുപിടിച്ച് ചേങ്കോട്ടുകോണം; കളിചിരിമാറാത്ത കുരുന്നുകള്‍ക്കും പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

മൂന്ന് കുരുന്നുകളുടെയും മൃതദേഹം ഒരുമിച്ചാണ് സംസ്കരിച്ചത്. അച്ഛന്‍റെയും അമ്മയുടെയും മൃതദേഹത്തിന് തൊട്ടടുത്താണ് ഇവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചത്.

മരിച്ച ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. നാട്ടുകാരും കുടുംബക്കാരും രാഷ്ട്രീയ പ്രമുഖരും ഉല്‍പ്പെടെ അനേകം ആളുകളാണ് പ്രിയപ്പെട്ടവര്‍ക്ക് അവസാനയാത്രാമൊഴി നല്‍കാന്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിയത്.

ഇന്നലെ രാത്രി തുരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

രാവിലെ എട്ടുമണിയോടെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരുമണിക്കൂര്‍ വൈകിയാണ് മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിച്ചത്.

അഞ്ച് ആംബുലന്‍സുകളിലായി ഒരുമിച്ചാണ് മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിച്ചത്. അഞ്ച്‌പേരുടെയും മൃതദേഹങ്ങള്‍ ഓരോന്നായി വീട്ടുമുറ്റത്തേക്ക് എടുത്തുകിടത്തിയപ്പോള്‍ മണിക്കൂറുകളായി തങ്ങിനിന്ന നിശബ്ദതയാകെ നിലവിളികളായി അവിടെയാകെ പരന്നു.

ഇന്നലെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ തിരുവനന്തപുരം തഹസീല്‍ദാറിന്‍റെ നേതൃത്വത്തില്‍ വീട്ടിലേക്ക് എത്തിച്ചു. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാന്‍ എത്തിയത്.

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ രാജു മ്യതദേഹത്തിൽ റോസപൂക്കൾ അർപ്പിച്ചു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,മേയര്‍ കെ ശ്രീകുമാര്‍ , എം എൽ എ മാരായ ഒ. രാജഗോപാൽ ,വി. എസ് ശിവകുമാർ , ബി. സത്യൻ ,വി എസ് ജയലാൽ ,കൊടിക്കുന്നിൽ സുരേഷ് എംപി ,മുൻ മന്ത്രി എം വിജയകുമാർ ,മുൻ എം എൽ എ മാരായ കോലിയകോട് കൃഷ്ണൻ നായർ ,എം എ വാഹിദ് എന്നീ വർ സംസ്കാര ചടങ്ങിലെത്തി.

ഒരു നാടിന് മുഴുവൻ നൊമ്പരം സമ്മാനിച്ചാണ് പിഞ്ചോമനകളും അവരുടെ രക്ഷിതാക്കളും നാടിനോട് എന്നന്നേക്കുമായി മാഞ്ഞ് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News