പന്തളത്ത് ക്രൈസ്തവ കണ്‍വന്‍ഷന്‍ നഗര്‍ നിര്‍മാണം തടഞ്ഞ് സംഘപരിവാര്‍ ആക്രമണം; സിപിഐഎം സംരക്ഷണയില്‍ പുനരാരംഭിച്ചു

പത്തനംതിട്ട: അസംബ്ലീസ് ഓഫ് ഗോഡിന്റെ സംസ്ഥാന വാര്‍ഷിക കണ്‍വന്‍ഷന് പറന്തലില്‍ എംസി റോഡിന് സമീപം പന്തല്‍ നിര്‍മിച്ചുകൊണ്ടിരിക്കെ സംഘപരിവാര്‍ – ബിജെപി പ്രവര്‍ത്തകരുടെ അക്രമം.

ബുധനാഴ്ച വൈകിട്ട് സംഘടിച്ചെത്തിയ സംഘപരിവാര്‍ സംഘം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണെന്ന് പരിചയപ്പെടുത്തിയ ശേഷം നിര്‍മാണത്തിലിരുന്ന കണ്‍വന്‍ഷന്‍ പന്തലില്‍ കൊടിനാട്ടുകയും തൊഴിലാളികളെ തടഞ്ഞ് കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.

സംഘം ഭീഷണി ഉയര്‍ത്തി മടങ്ങിയതിനെതുടര്‍ന്ന് അസംബ്ലീസ് ഓഫ് ഗോഡ് ഭാരവാഹികള്‍ പണി നിര്‍ത്തിവച്ച് പൊലിസില്‍ പരാതി നല്‍കി. എന്നാല്‍, വ്യാഴാഴ്ച വിഷയം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് പൊലീസ് ഭാരവാഹികളെ മടക്കിയയച്ചു. ഭാരവാഹികള്‍ പ്രദേശത്തെ സിപിഐ എം നേതൃത്വത്തെ വിവരം അറിയിച്ചു.

തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, പന്തളം ഏരിയ സെക്രട്ടറി ഇ ഫസല്‍, തട്ട പടിഞ്ഞാറ് ലോക്കല്‍ സെക്രട്ടറി എസ് രാജേന്ദ്രപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സംരക്ഷണം നല്‍കി നിര്‍മാണം പുനരാരംഭിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും സ്ഥലം സന്ദര്‍ശിച്ചു.

വിവരമറിഞ്ഞ് നിരവധി വിശ്വാസികളും നാട്ടുകാരും സ്ഥലത്തെത്തി. നിര്‍മാണത്തിലിരിക്കുന്ന പന്തലിന് സമീപം ചേര്‍ന്ന പ്രതിഷേധയോഗം സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here