”മോദി ഭരണത്തില്‍, ജനാധിപത്യം അപകടത്തില്‍; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു: രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഭയം;” രൂക്ഷവിമര്‍ശനവുമായി ദ ഇക്കണോമിസ്റ്റും ജോര്‍ജ് സോറോസും

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുകയാണെന്ന വിമര്‍ശനവുമായി ദ് ഇക്കണോമിസ്റ്റ്. മോദിയുടെ നയങ്ങള്‍ രാജ്യത്ത് വിഭാഗീയത ഉണ്ടാക്കുന്നെന്നും ഇക്കണോമിസ്റ്റ് അഭിപ്രായപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ പട്ടികയുടെയും പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയെ വിമര്‍ശിച്ച് അന്തരാഷ്ട്ര മാസികയായ ദ് ഇക്കണോമിസ്റ്റിലെ ലേഖനം.

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്ര മോദി ഭിന്നിപ്പുണ്ടാക്കുന്നു’ എന്നാണ് ഇക്കണോമിസ്റ്റിന്റെ കവര്‍ സ്റ്റോറിയുടെ തലക്കെട്ട്. മോദി ഒരു ഹിന്ദു രാഷ്ട്രം പണിയുമെന്ന് ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിമുകള്‍ ഭയപ്പെടുന്നുയെന്നും ലേഖനത്തില്‍ പറയുന്നു.

”വിദേശ കുടിയേറ്റക്കാരെ വേട്ടയാടുന്നതിന്റെ ഭാഗമായി യഥാര്‍ത്ഥ ഇന്ത്യക്കാരുടെ പട്ടിക സമാഹരിക്കാനുള്ള പദ്ധതി രാജ്യത്തെ 1.3 ബില്യണ്‍ ആളുകളെയും ബാധിക്കുന്നു. പട്ടിക സമാഹരിക്കുകയും തിരുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കു വര്‍ഷങ്ങള്‍ എടുക്കുകയും അത്രയും നാള്‍ വികാരങ്ങളെ വീണ്ടും വീണ്ടും അത് പ്രകോപിപ്പിക്കും”.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സൂചിപ്പിക്കുന്നത് ജനങ്ങള്‍ക്ക് മതിയായി എന്നതാണെന്ന് ലേഖനത്തില്‍ പറയുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വര്‍ധിപ്പിക്കുന്നതിന് പകരം ഈ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പറയാനുള്ള നട്ടെല്ല് സുപ്രീംകോടതി കാണിക്കണം. അങ്ങനെ ചെയ്താല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും ലേഖനം പറയുന്നു.

തകര്‍ച്ചയിലായ സമ്പദ്വ്യവസ്ഥ പോലുള്ള വിഷമകരമായ വിഷയങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധ തിരിക്കുന്നെന്നും ലേഖനത്തില്‍ പറയുന്നു. 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊല മോദിയെ രാജ്യത്തെമ്പാടുമുള്ള ഹിന്ദു ദേശീയ വാദികളുടെ ഹീറോയാക്കി മാറ്റിയെന്നും എഴുതുന്നു.

അതേസമയം, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ശതകോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ് സോറോസും രംഗത്തെത്തി.

മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണെന്ന് ജോര്‍ജ് സോറോസ് കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് വരുന്ന മുസ്ലീങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News