വയറ്റത്തടി; വൻകിടക്കാർക്ക്‌ അരി സൗജന്യനിരക്കില്‍; കേരളത്തിന്‌ അരിയില്ല, തന്നതിന്‌ തീ വില

ദില്ലി: എഫ്‌സിഐ ഗോഡൗണുകളിൽ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും വിലകുറച്ച്‌ വൻകിട വ്യാപാരികൾക്ക്‌ നൽകുന്നു.

പുതുതായി സംഭരിക്കുന്നവ സൂക്ഷിക്കാന്‍ ഇടമില്ലെന്ന പേരിലാണിത്. കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യംവാങ്ങി കാലിത്തീറ്റയായും മറ്റും കയറ്റുമതി ചെയ്ത് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമാണ് വന്‍കിട വ്യാപാരികള്‍ക്ക് ലഭിക്കുന്നത്.

തുറന്ന കമ്പോള വിൽപ്പനപദ്ധതി (ഒഎംഎസ്‌എസ്‌) വഴിയാണ്‌ വിറ്റഴിക്കൽ. നിലവിൽ 2.2 ലക്ഷം കോടിയുടെ കടബാധ്യതയിലുള്ള എഫ്സിഐയെ സാമ്പത്തികമായി കൂടുതൽ ഞെരുക്കുന്നതാണ്‌ കേന്ദ്ര തീരുമാനം.

ജനുവരി ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 237.15 ലക്ഷം ടൺ അരിയും 327.96 ലക്ഷം ടൺ ഗോതമ്പും ശേഖരിച്ചിട്ടുണ്ട്. കരുതൽശേഖര ചട്ട പ്രകാരം 76 ലക്ഷം ടൺ അരിയും 138 ലക്ഷം ടൺ ഗോതമ്പും സൂക്ഷിച്ചാല്‍മതി.

അധികശേഖരം വിനിയോ​ഗിച്ച് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനോ തൊഴിലിനുപകരം ഭക്ഷണം പദ്ധതി നടപ്പാക്കാനോ തുനിയാതെയാണ്‌ വൻകിട വ്യാപാരികൾക്ക്‌ സബ്സിഡി നല്‍കി വിറ്റു തീര്‍ക്കുന്നത്‌.

കുറഞ്ഞവിലയ്‌ക്ക്‌ ലഭിക്കുന്ന ഭക്ഷ്യധാന്യം വ്യാപാരികള്‍ കയറ്റുമതിചെയ്തും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയും കൊള്ളലാഭം കൊയ്യും.

കേരളത്തിന്‌ അരിയില്ല, തന്നതിന്‌ തീ വില

തിരുവനന്തപുരം: എഫ്‌സിഐ അരിയും ഗോതമ്പും സ്വകാര്യ കച്ചവടക്കാർക്ക്‌ വില കുറച്ചുനൽകുമ്പോൾ അവഗണിക്കപ്പെട്ടത്‌ കേരളത്തിന്റെ ആവശ്യങ്ങൾ. സംസ്ഥാനത്തിനുള്ള ധാന്യവിഹിതം വർധിപ്പിക്കണമെന്ന്‌ പലവട്ടം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

നിലവിൽ 14.25 ലക്ഷം മെട്രിക്‌ ടണ്ണാണ്‌ സംസ്ഥാനത്തിനുള്ള ധാന്യ വിഹിതം. ഇതിൽ 10.25 ലക്ഷം മെട്രിക്‌ ടൺ മുൻഗണനാ വിഭാഗക്കാർക്ക്‌ നൽകാനാണ്‌. മുൻഗണനേതര വിഭാഗക്കാർക്ക്‌ നൽകാൻ കൂടുതൽ വിഹിതം അനുവദിക്കണമെന്നാണ്‌ സംസ്ഥാനത്തിന്റെ ആവശ്യം.

മഹാപ്രളയകാലത്ത് സംസ്ഥാനത്തിന്റെ അപേക്ഷ പ്രകാരം കേന്ദ്രം 89540 മെട്രിക്‌ ടൺ ധാന്യം അനുവദിച്ചെങ്കിലും ഇതിന്‌ 205.81 കോടി രൂപ ഉടൻ നൽകണമെന്നാവശ്യപ്പെട്ട്‌ കത്തും അയച്ചു.

പണം അടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ മൂന്ന്‌ തവണയാണ്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്ക്‌ കത്ത്‌ നൽകിയത്‌. 2019ൽ ഉരുൾപൊട്ടലും പേമാരിയുമുൾപ്പെടെ വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴും കൂടുതൽ ധാന്യവിഹിതം സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കിട്ടിയില്ല.

പാവപ്പെട്ടവന്റെ അന്നം മൃഗങ്ങൾക്ക്‌

കുറഞ്ഞ വിലയിൽ വൻകിട വ്യാപാരികൾക്ക്‌ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിൽ ഏറിയപങ്കും മൃഗങ്ങൾക്കുള്ള ഭക്ഷണമായി കയറ്റുമതി ചെയ്യപ്പെടാനാണ്‌ സാധ്യതയെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി ഡോ. വിജു കൃഷ്‌ണൻ പറഞ്ഞു.

പാവപ്പെട്ടവർക്ക്‌ ലഭിക്കേണ്ട സബ്‌സിഡിയുടെ പ്രയോജനം വിദേശരാജ്യങ്ങളിലെ മൃഗങ്ങൾക്ക്‌ കൈമാറ്റം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News