മനുഷ്യമഹാ ശൃംഖല: സംസ്ഥാനത്തുടനീളം എഴുപതുലക്ഷം പേര്‍ കണ്ണികളാവും; ആദ്യ കണ്ണി എസ്ആര്‍പി, അവസാന കണ്ണി എംഎ ബേബി

തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ 70 ലക്ഷം പേർ അണിനിരക്കും.

കേരളം ഇതുവരെ കണ്ടതിൽവച്ച്‌ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള സാമൂഹ്യ ഇടപെടലായി മഹാശൃംഖല മാറുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർകോട്‌ മുതൽ കളിയിക്കാവിളവരെ ദേശീയപാതയിൽ മഹാശൃംഖലയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള കാസർകോട്ട്‌ ആദ്യകണ്ണിയാകും.

കളിയിക്കാവിളയിൽ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അവസാന കണ്ണിയുമാകും. കാസർകോട്ടുനിന്ന്‌ തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗത്തായിരിക്കും. ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ ജനങ്ങൾ രാവിലെതന്നെ ദേശീയപാതയിലെ അതത്‌ കേന്ദ്രങ്ങളിലേക്ക്‌ പുറപ്പെടും.

കാസർകോട്‌ – കണ്ണൂർ – രാമനാട്ടുകര – മലപ്പുറം – പെരിന്തൽമണ്ണ – പട്ടാമ്പി – തൃശൂർ – എറണാകുളം – ആലപ്പുഴ – തിരുവനന്തപുരം – കളിയിക്കാവിള റൂട്ടിൽ ഞായറാഴ്‌ച വൈകിട്ട്‌ കേരളം ഒറ്റക്കെട്ടായി മഹാശൃംഖല തീർക്കും. പകൽ 3.30ന്‌ റിഹേഴ്‌സൽ നടക്കും.

നാലിന്‌ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞ ചൊല്ലും. ഇരുനൂറ്റമ്പതോളം കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരും. തിരുവനന്തപുരം പാളയത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

മഹാശൃംഖലയുടെ പ്രചാരണാർഥം സമാനതകളില്ലാത്ത കൂട്ടായ്‌മകളാണ്‌ കേരളമാകെ എൽഡിഎഫ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ചത്‌.

40000 പ്രാദേശിക കുടുംബസംഗമങ്ങൾ നടത്തി. 2000ത്തിലേറെ കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണസദസ്സ്‌ സംഘടിപ്പിച്ചു. എല്ലാവീടുകളിലും ആശയപ്രചാരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്‌തു.

എൽഡിഎഫ്‌ എന്ന നിലയിലും മുന്നണിയിലെ കക്ഷികൾ സ്വന്തം നിലയിലും പ്രചാരണം സംഘടിപ്പിച്ചു. മുന്നണിക്ക്‌ പുറത്തുള്ള കക്ഷികളും കലാകാരന്മാർ, സാമൂഹ്യ–സാംസ്‌കാരിക–സമുദായനേതാക്കളും പിന്തുണയുമായി എത്തും. ശനിയാഴ്‌ച വൈകിട്ട്‌ വരെ വിളംബരജാഥകൾ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here