പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി; ടിപി സെന്‍കുമാറിനെതിരെ കേസ്

തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്.

തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കൺഡോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടുള്ളത്.

ടിപി സെൻകുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദാണ് പരാതി നൽകിയത്.

തിരുവനന്തപുരം പ്രസ് ക്ലബിൽ വെള്ളാപ്പള്ളി നടേശനെതിരായ വാർത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുൻ ഡിജിപി ടി പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു.

സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.

ചോദ്യം ചോദിച്ചതിന്‍റെ പേരിൽ മാധ്യമ പ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സെൻകുമാറിന്റെ ഒപ്പമുണ്ടായിരുന്ന ആളുകൾ മാധ്യമപ്രവർത്തകനെ പിടിച്ച് തള്ളാൻ ശ്രമിക്കുകയുമായിരുന്നു.

ടി പി സെൻകുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയുമാണ്‌ കൺഡോൺമെന്‍റ് പൊലീസ് കേസ് എടുത്തിട്ടുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News