കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 41; വൈറസ് ബാധിതരെ ചികിത്സിച്ച ഡോക്ടറും മരിച്ചു: യുറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ചൈന. വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ ചൈന അടച്ചു. 41 പേരാണ് ഇതുവരെ മരിച്ചത്.

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടറും മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്.

ആയിരത്തിലധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്‌. ഇതിൽ 237 പേർ അതീവ ഗുരുതരാവസ്ഥയിലാണ്.വൈറസ് യൂറോപ്പിലേക്കും പടരുന്നതായാണ് സൂചന. ഫ്രാൻസിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു.

ചൈനയിൽ 29 പ്രവിശ്യകളിൽ രോഗം റിപ്പോർട്ട് ചെയ്തു. ഇന്നലെ ആരംഭിക്കേണ്ട ചൈനീസ് പുതുവർഷാഘോഷങ്ങൾ ഒഴിവാക്കി.

ഇതിനിടെ, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയിൽ സ്ഥിതി ഗുരുതരമാണെങ്കിലും ആഗോളതലത്തിൽ അടിയന്തരസാഹചര്യമില്ല.

ഹോങ്കോങ്, മക്കാവു, തയ്‌വാൻ, ജപ്പാൻ, സിംഗപ്പുർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, വിയറ്റ്നാം, യുഎസ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തി.

യുകെയിൽ മുൻകരുതലെന്ന നിലയിൽ 14 പേർക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയിൽ രണ്ടാമതൊരാളിൽകൂടി വൈറസ് കണ്ടെത്തി.

ജപ്പാനിലും ഒരാൾക്കു രോഗം സ്ഥിരീകരിച്ചു. തായ്‌ലൻഡിൽ 5 പേർക്കാണു രോഗബാധ. വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാനിലാണ് മരിച്ചവരിലേറെയും.

ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ആരാധനാലയങ്ങളും വിനോദകേന്ദ്രങ്ങളും അടച്ചു. വുഹാൻ വിമാനത്താവളവും അടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here