നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ചെന്നിത്തല; പരസ്യമായി സഭയെ അവഹേളിച്ചത് ശരിയായില്ല;

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന നിയമസഭയുടെ അന്തസിനെ ചോദ്യംചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗവര്‍ണറെ തിരികെ വിളിക്കാന്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ചെന്നിത്തല ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്.

നിയമസഭാചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്.

ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. പ്രമേയത്തെ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞത് സഭയുടെ അന്തസിന് തന്നെ കളങ്കമാണ്. ഗവര്‍ണറെ തിരികെ വിളിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ് പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകായയിരുന്നു ചെന്നിത്തല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here