മിഷ്‌കിന്‍ എന്തുകൊണ്ട് ഇന്ത്യന്‍ ഹിച്ച്‌കോക്കാകുന്നു? സൈക്കോ കണ്ടാല്‍ അത് മനസിലാകും

മനുഷ്യന്‍ ഇരുളും വെളിച്ചവും നിറഞ്ഞവനാണെന്ന ഹിച്ച്‌കോക്കിയന്‍ ഫിലോസഫിയില്‍ നിന്നാണ് ഏകലവ്യന്‍ മിഷ്‌കിന്‍ സൈക്കോയും നിര്‍വഹിച്ചിരിക്കുന്നത്.കുറവുകളുണ്ടെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്ത സൈക്കോളജിക്കല്‍ – ക്രൈം ത്രില്ലറാണ് സൈക്കോ.

എല്ലാം മിഷികിന്‍ മയം,അങ്ങിനെ വേണം സൈക്കോയെ നിര്‍വചിക്കാന്‍.ഇരുളും വെളിച്ചവും നിറഞ്ഞ ഷോട്ടുകളും ഇളയരാജയുടെ പിടിച്ചിരുത്തുന്ന സംഗീതവും എന്തിന് നിശബ്ദത പോലും മിഷ്‌കിന്‍ ചിത്രത്തിന്റെ തനിമയാണ്.മനുഷ്യന്റെ നന്മക്കൊരു കാരണമുണ്ടെന്നതുപോലെ തിന്മക്കും കാരണമുണ്ടെന്ന് മിഷ്‌കിന്‍ പറഞ്ഞുവെക്കുന്നു.ചെകുത്താനായ മനുഷ്യനെ പോലും മനുഷ്യപ്പറ്റ് കൊണ്ട് ബലഹീനനാക്കാമെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തത്തില്‍ പ്രധാനം.

കൊയമ്പത്തൂരും ചുറ്റുവട്ടവുമാണ് ചിത്രത്തില്‍.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മുന്നിട്ട് നില്‍ക്കുന്ന സ്ത്രീകളെ തെരഞ്ഞുപിടിച്ച് കൊല ചെയ്യുന്ന ഒരു കൊലപാതകി.തല വെട്ടിയാണ് കൊല.അതിന് ശേഷം തലയില്ലാത്ത അര്‍ധനഗ്‌ന ശരീരം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.സ്ത്രീകളുടെ ശിരസ് കൊലയാളിക്ക് ട്രോഫിയാണെന്നാണ് പൊലീസ് ഇന്‍സ്‌പെക്ടറുടെ (റാം) പോലുംവിലയിരുത്തല്‍.

മിനി കൂപ്പറില്‍ സഞ്ചരിക്കുന്ന ധനികനായ സംഗീതജ്ഞന്‍ ഗൗതം(ഉദയനിധി സ്റ്റാലിന്‍) അന്ധനാണ്.ഡാഹിനിയെ(അദിതി റാവു ഹൈദരി)ഗൗതം ആഴത്തില്‍ പ്രണയിക്കുന്നു.തന്റെ അസിസ്റ്റന്റുമായി(സിംഗം പുലി)ഡാഹിനിയെ നിരന്തരം പിന്തുടരുകയാണ് ഗൗതം.ഒടുവില്‍ സഹികെട്ട ഡാഹിനി തന്റെ തൊട്ടടുത്ത ദിവസത്തെ ചലനങ്ങളെ പിന്തുടരാന്‍ ഗൗതമിനെ വെല്ലുവിളിക്കുന്നു.എന്നാല്‍ ആ ദിനം അനിശ്ചിതത്വത്തിന്റേതായിരുന്നു.ഡാഹിനിയെ സ്ത്രീവേട്ടക്കാരന്‍ തട്ടിക്കൊണ്ടു പോകുന്നു.പൊലീസില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കാതിരുന്ന പശ്ചാത്തലത്തില്‍ ഗൗതം അപകടത്തില്‍ വീല്‍ചെയറിലായ മുന്‍പൊലീസുദ്യോഗസ്ഥ(നിത്യാ മോനോന്‍)യുടെ സഹായം തേടുന്നു.ഇവരുടെ അന്വേഷണങ്ങള്‍ ലക്ഷ്യം കാണുമോ?ഡാഹിനി കൊലക്കത്തിക്കിരയാകുമോ?ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ് സൈക്കോ.

കൊലപാതകിക്ക് അടുത്തിടെ തമിഴിലിറങ്ങിയ രാക്ഷസന്‍ എന്ന ചിത്രത്തിലെ വില്ലന്റെ ഛായ തോന്നാം.കൊലപാതകിയുടെ ഭൂതകാലത്തിന്റെ പശ്ചാത്തലത്തില്‍ സഹാതാപമുണ്ടാക്കാനുളള ശ്രമം ഏച്ചുകെട്ടായി തോന്നാം.ധൃതി പിടിച്ചുളള ക്ലൈമാക്‌സ് രംഗങ്ങളും ഇനിയും വിടരാത്ത ഗൗതം-ഡാഹിനി പ്രണയവും ഏച്ചുകെട്ടായി തോന്നാം.വീല്‍ചെയറിലെ തന്റെ പ്രകടനം നിത്യ മേനോന്‍ മികച്ചതാക്കിയെങ്കിലും ഇത്രയും ഉച്ചത്തില്‍ കഥാപാത്രം സംസാരിക്കണോ എന്ന് സംശയം തോന്നാം.

സുന്ദരിയായ റേഡിയോ ജോക്കിയായി അദിതി റാവു ഹൈദരി കലക്കി.തന്റെ വേഷം മികച്ചതാക്കാന്‍ ഉദയിനിധി സ്റ്റാലിനുമായി.കൈയ്യടി നല്‍കേണ്ടത് പുതുമുഖ ഛായാഗ്രാഹകന്‍ തന്‍വീര്‍ മിറിനാണ്, ഒപ്പം കൊലപാതകിയായി വേഷമിട്ട രാജ്കുമാര്‍ പിച്ചുമണിക്കും.

അഞ്ജാതെ,യുദ്ധം സെയ്,ഓനായും ആട്ടിന്‍കുട്ടിയും,സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ മിഷ്‌കിന്‍ ചിത്രങ്ങളുടെ കെട്ടുറപ്പ് സൈക്കോക്ക് ഇല്ല.എന്നാല്‍ സിനിമാ ചിത്രീകരണത്തില്‍ മിഷ്‌കിന്‍ വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെന്ന് സൈക്കോ തെളിയിക്കുന്നു. മിഷ്‌കിന്‍ ഫാനാണെങ്കില്‍ സൈക്കോ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും, അല്ലെങ്കിലും പിടിച്ചിരുത്തുന്ന സൈക്കോ ത്രില്ലര്‍ തന്നെയാണ് സൈക്കോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News