കൂടത്തായി: ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി; മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ആല്‍ഫൈന്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്ന് കുറ്റപത്രം. ജോളി അടക്കം കേസില്‍ 3 പ്രതികളെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ അറിയിച്ചു. സിലിയുടെ മരണ കാരണം സയനൈഡ് എന്ന് വ്യക്തമാകുന്ന പരിശോധനാ ഫലവും പുറത്ത് വന്നു.

129 സാക്ഷികളും 130 രേഖകളും അടങ്ങുന്ന കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. സഹോദരന്റെ കുര്‍ബാന ദിവസം ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കി
ഒന്നര വയസ്സുകാരി ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. ഡബ്ബയില്‍ സ്ഥിരമായി സയനൈഡ് കൊണ്ടുനടക്കുന്ന ശീലം ജോളിക്ക് ഉണ്ടായിരുന്നു. യാതൊരു സംശയവും തോന്നാതിരിക്കാനാണ് കുര്‍ബാന ദിവസം തന്നെ കൊലയ്ക്ക് തെരഞ്ഞെടുത്തതെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു.

തക്കം കിട്ടിയപ്പോള്‍ ബ്രഡില്‍ സയനൈഡ് പുരട്ടി ആല്‍ഫൈന് നല്‍കാനായി എടുത്തുവെക്കുകയായിരുന്നു. ഇതറിയാതെ ഷാജുവിന്റെ സഹോദരി ആന്‍സി ബ്രഡ് കുഞ്ഞിന് നല്‍കിയതായാണ് പോലീസിന്റെ കണ്ടെത്തല്‍.ഷാജുവിനെ വിവാഹം കഴിക്കുമ്പോള്‍ ആല്‍ഫൈന്‍ ബാധ്യതയാകും എന്നതാണ് കൊലയ്ക്ക് കാരണമായതെന്നും റൂറല്‍ എസ് പി പറഞ്ഞു.

ജോളിയെ കൂടാതെ എം എസ് മാത്യു, സ്വര്‍ണ്ണ പണിക്കാരന്‍ പ്രജികുമാര്‍ എന്നിവര്‍ ഈ കേസിലും പ്രതികളാണ്. അതേ സമയം സിലിയുടെ മരണ കാരണം സയനൈഡ് എന്ന് വ്യക്തമാകുന്ന പരിശോധനാ ഫലവും അന്വേഷണ സംഘത്തിന് ലഭിച്ചു. കോഴിക്കോട് റിജണല്‍ ഫോറന്‍സിക് ലാബ് പരിശോധനയിലാണ് സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്. ഇനിയുള്ള 3 കുറ്റപത്രവും സമയബന്ധിതമായി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here