‘പുറത്തിറങ്ങിയിട്ട് മൂന്ന് ദിവസമായി’; സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കുമെന്ന് ആതിര; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് വനിതാ കമ്മീഷന്‍

കൊച്ചി: പാവക്കുളം ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി യുവതി. വനിതാ കമീഷന്‍ അധ്യക്ഷയോടും അംഗങ്ങളോടും സംസാരിക്കുകയായിരുന്നു അവര്‍. ആതിര എസ് എന്ന തിരുവനന്തപുരം സ്വദേശിനിക്ക് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ സന്ദര്‍ശനം. അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

സംഭവം നടക്കുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഹാളിന് അടുത്തായുള്ള ഹോസ്റ്റലിലാണ് ആതിര താമസിക്കുന്നത്. ‘ഒരിക്കലും പ്ലാന്‍ ഒന്നുമല്ലായിരുന്നു. കേട്ടിട്ട് പോയതായിരുന്നു. മോശമായ സംസാരം കേട്ടതിനെ തുടര്‍ന്നാണ് ഞാന്‍ പ്രതികരിച്ചത്. അവര്‍ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്. എന്റെ പേരില്‍ ഫേക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു പ്രചരിപ്പിച്ചത്. സൈബര്‍ ആക്രമണം രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി പുറത്തിറങ്ങാനായിട്ടില്ല,’ ആതിര പറഞ്ഞു.

ജനുവരി 21 ന് ജനജാഗരണ സമിതി എറണാകുളം കലൂര്‍ പാവക്കുളത്ത് നടത്തിയ മാതൃ സംഗമത്തിനിടയിലാണ് സംഭവം. പാവക്കുളം ക്ഷേത്രത്തിന്റെ പരിസരത്തുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ നടത്തിയതായിരുന്നു മാതൃസംഗമം.

ബിജെപി പോഷക സംഘടനകളില്‍ ഒന്നിന്റെ സംസ്ഥാന ഭാരവാഹി സിവി സജിനിയുടെ വിശദീകരണത്തിനിടയില്‍ യുവതി സംശയം ഉന്നയിച്ചപ്പോഴാണ് മറ്റു സ്ത്രീകള്‍ തട്ടിക്കയറിയത്. പതിനൊന്ന് മണിക്ക് തുടങ്ങിയ പരിപാടിയില്‍ ഒരു മണിക്കൂറിന് ശേഷമായിരുന്നു ഈ സംഭവം.

സമാധാനപരമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച യുവതിക്ക് നേരെ സ്ത്രീകള്‍ തട്ടിക്കയറുകയായിരുന്നു. ‘അടി വേണോ, ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം’ എന്നിങ്ങനെ അവര്‍ക്കെതിരെ ആക്രോശിച്ചു. യുവതി പറയുന്നത് കേള്‍ക്കാന്‍ സംഘാടകര്‍ തയ്യാറായില്ല.

പകരം അവരെ യോഗഹാളില്‍നിന്ന് സംഘടിതമായി പുറത്തിറക്കിവിടുകയായിരുന്നു. ആക്രോശിച്ചെത്തിയ സ്ത്രീകളില്‍ ചിലര്‍ അവരെ തള്ളിമാറ്റാനും ശ്രമിച്ചത് വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News