കേരളത്തിന്‍റെ തെരുവുകളില്‍ സമരൈക്യത്തിന്‍റെ കാഹളം മു‍ഴങ്ങാന്‍ നിമിഷങ്ങള്‍; മനുഷ്യ മഹാ ശൃംഖലയില്‍ കൈകോര്‍ക്കാനൊരുങ്ങി മലയാളം

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധനിലപാടുകള്‍ക്കെതിരെ ഇടതുപക്ഷം തീര്‍ക്കുന്ന മനുഷ്യ മഹാശൃംഖലയ്ക്ക് അല്‍പ സമയത്തിനകം കേരളത്തിന്‍റെ തെരുവുകള്‍ വേദിയാകും.

കാസര്‍കോട് മുതല്‍ കളീയിക്കാവിളവരെ ദേശീയ പാതയിലാണ് മനുഷ്യശൃംഖല തീര്‍ക്കുക. നിരവധി സംഘടനകളാണ് ഈ പ്രതിഷേധത്തിന് ഇതിനോടകം തന്നെ പിന്തുണയുമായെത്തിയിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് മനുഷ്യമഹാശൃംഖല തീര്‍ക്കുന്നത്. കേരളം കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമായിരിക്കും മനുഷ്യമഹാശൃംഖല.

കാസര്‍ഗോടു മുതല്‍ കളിയിക്കാവിളവരെ നടക്കുന്ന പ്രതിഷേധത്തില്‍ 70 ലക്ഷം പേര്‍ പങ്കെടുക്കും. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ രൂപപെട്ടിട്ടുള്ള വികാരം സമരത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ സമരമുറയുടെ ലക്ഷ്യം.

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍ഗോട്ട് ശൃംഖലയുടെ ആദ്യകണ്ണിയും കളിയിക്കാവിളയില്‍ പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി അവസാനകണ്ണിയുമാകും.

മുഖ്യമന്ത്രിയും മുതിര്‍ന്ന ഇടതുപക്ഷനേതാക്കളും പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ശൃംഖലയുടെ കണ്ണികളാകും.

മൂന്നേകാലോടെ ജനങ്ങള്‍ ദേശീയപാതയില്‍ അണിനിരക്കും. മൂന്നരയോടെ ട്രയല്‍ നടക്കും. നാലുമണിക്ക് ഭരണഘടനയുടെ ആമുഖം വായിക്കും. തുടര്‍ന്ന് കൈചേര്‍ത്ത് പിടിച്ച് പ്രതിജ്ഞ ചൊല്ലുന്നതോടെ മനുഷ്യമഹാശൃംഖല രൂപപ്പെടും.

നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ ഇതിനോടകം തന്നെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News