മതേതര ഇന്ത്യക്കായി, ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണം; പൗരത്വ നിയമം മുസ്ലീം പ്രശ്‌നം മാത്രമല്ല; ലത്തീന്‍ പള്ളികളില്‍ ഇടയലേഖനം

തിരുവനന്തപുരം: പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള തയാറെടുപ്പാണെന്ന മുന്നറിയിപ്പ് നല്‍കുന്ന ഇടയലേഖനം ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ ഞായറാഴ്ച വായിച്ചു.

ഇത് മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്‌നമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. റിപ്പബ്ലിക്ക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിയ്ക്കാന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പള്ളികളില്‍ രാവിലെ ഇടയലേഖനം വായിച്ചത്. മതേതര ഇന്ത്യക്കായി യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

നെയ്യാറ്റിന്‍കരയില്‍ ജനുവരി 11,12 തീയതികളില്‍ ചേര്‍ന്ന ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ഭരണഘടന സംരക്ഷണ ദിനം ആചരിയ്ക്കുന്നത്. എല്ലാ പള്ളികളിലും കുടുംബ യോഗങ്ങളും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനും ഭരണഘടനയുടെ ആമുഖം യോഗങ്ങളില്‍ വായിക്കാനും സമിതി ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്ന് ഇടയലേഖനം പറയുന്നു.

ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും. മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണം. ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News