മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍; പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു; ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ശ്രദ്ധേയം

തിരുവനന്തപുരം: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും ഗവര്‍ണര്‍ പ്രശംസിച്ചു.

യു എന്നിന്റെയും നീതി ആയോഗിന്റേയും സുസ്ഥിര വികസനത്തിന്റെയും നീതി ആയോഗിന്റെ ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെയും സൂചികകളില്‍ ഒന്നാമതായ കേരളം ലിംഗ സമത്വത്തിലും ക്ഷേമത്തിലും രാജ്യത്തിനു തന്നെ മാതൃകയാണ്. ഇവയെല്ലാം കേരളത്തിന്റെ പുരോഗതിക്ക് ഉദാഹരണങ്ങളാണ്. നീതി ആയോഗിന്റെ നവീനതാ സൂചികയിലും കേരളം അസൂയാവഹമായ സ്ഥാനത്താണ്.

കേരളത്തിന്റെ നേട്ടങ്ങളുടെ കരുത്ത് അനുഭവിച്ചറിഞ്ഞത് കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയ മണ്ണിടിച്ചില്‍ ദുരന്ത വേളകളിലാണ്. അവയെല്ലാം കേരള സമൂഹം ഒറ്റക്കെട്ടായി തരണം ചെയ്തു. ദുരന്തങ്ങളില്‍ നഷ്ടപ്പെട്ട പുരോഗതിയും പ്രതാപവും തിരികെ നേടാന്‍ റീബില്‍ഡ് കേരള പദ്ധതി ജനങ്ങളെ സഹായിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും കേരളം മുന്നോട്ടാണ്. മസാല ബോണ്ട്, കേരള ബാങ്ക് തുടങ്ങി നൂതനമായ പദ്ധതികളിലൂടെ കേരളം ഇതിനെ തരണം ചെയ്യുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ട ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ ഇവയൊന്നും കേരളത്തിന് തടസമായിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

മുഴുവന്‍ സ്‌കൂളുകളെയും ഡിജിറ്റല്‍ സാങ്കേതത്തിന് കീഴില്‍ കൊണ്ടുവന്നതോടെ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കുകയും കേരളം മറ്റു പ്രദേശങ്ങളെക്കാള്‍ ഒരു പടി മുന്നിലെത്തുകയും ചെയ്തു.

ഇന്ത്യ ആഗോള നിക്ഷേപ കേന്ദ്രമായി ഉയരുന്ന വേളയില്‍ കേരളം വ്യവസായികള്‍ക്ക് ഉദാര വ്യവസ്ഥകളാണ് നടപ്പാക്കുന്നത്. ഇത് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചു. കേരളത്തിന്റെ ഇലക്ട്രിക് വാഹന നയം റിന്യുവബിള്‍ എനര്‍ജി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.

ഐ. ടി മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപം കൂടുതല്‍ തൊഴില്‍ ഉറപ്പുവരുത്തുന്നു. ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടവും ഇ ഹെല്‍ത്ത് പദ്ധതിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യ ഇന്ന് ലോകത്തെ തന്നെ ശക്തമായ രാഷ്ട്രങ്ങളിലൊന്നാണ്. ബഹിരാകാശ ശാസ്ത്രം, സേനാ തയ്യാറെടുപ്പ്, ഭക്ഷ്യ ഉത്പാദനം, കൃഷി, വിനോദം തുടങ്ങി വിവിധ മേഖലകളില്‍ രാജ്യം ശക്തി തെളിയിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖകളിലും രാജ്യം വലിയ നേട്ടം കൈവരിച്ചിരിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, എം.പി, എം.എല്‍.എമാര്‍, മേയര്‍ കെ. ശ്രീകുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, യു.എ. ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, ജര്‍മന്‍ ഓണററി കോണ്‍സല്‍ ഡോ. സയിദ് ഇബ്രാഹിം, മാലിദ്വീപ് കോണ്‍സല്‍ തേര്‍ഡ് സെക്രട്ടറി അബ്ദുള്‍ ലത്തീഫ് അലി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മറ്റു ജനപ്രതിനിധികള്‍, സ്വാതന്ത്ര്യ സമര സേനാനികളായ അഗസ്റ്റി മത്തായി, നാരായണ പിള്ള, കെ. ആര്‍. കണ്ണന്‍, സായുധ സേന ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നതഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

രാവിലെ 8.30ന് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയപ്പോള്‍ വ്യോമസേന ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി. സതേണ്‍ എയര്‍ കമാന്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ബിക്രം സിന്‍ഹയായിരുന്നു പരേഡ് കമാന്‍ഡര്‍. ദി ഗര്‍വാള്‍ റൈഫിള്‍സ് പതിമൂന്നാം ബറ്റാലിയന്‍ മേജര്‍ രിഷവ് ജംവാള്‍ സെക്കന്റ് ഇന്‍ കമാന്‍ഡായി. കരസേന, വ്യോമസേന, അതിര്‍ത്തി രക്ഷാസേന, റെയില്‍വേ സുരക്ഷാസേന, തമിഴ്നാട് സ്റ്റേറ്റ് പോലീസ്, സ്പെഷ്യല്‍ ആംഡ് പോലീസ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, കേരള വനിത കമാന്‍ഡോസ്, കേരള സായുധ വനിത ബറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ജയില്‍ വകുപ്പ്, കേരള എക്സൈസ് വകുപ്പ്, അഗ്നിരക്ഷാ വകുപ്പ്, വനം വകുപ്പ്, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ എയര്‍ സ്‌ക്വാഡ്രണ്‍, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ നേവല്‍ യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ഭാരത് സ്‌കൗട്ട്സ്, ഭാരത് ഗൈഡ്സ്, അശ്വാരൂഡ പോലീസ്, കരസേനയുടെയും പോലീസിന്റേയും ബാന്റുകള്‍ എന്നിവര്‍ പരേഡില്‍ അണിനിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here