മതില്‍ ചാടിക്കടന്ന് പി ചിദംബരത്തെ അറസ്റ്റ് ചെയ്‌ത സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

അര്‍ദ്ധരാത്രിയില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്‍റെ വീടിന്‍റെ മതില്‍ ചാടിക്കടന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.

റിപ്പബ്ലിക് ദിനമായ ഇന്ന് 28 സിബിഐ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി മെഡല്‍ സമ്മാനിക്കുന്നുണ്ട്. അതില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത പൊലീസ് ഡെപ്യൂട്ടി സൂപറിന്‍റന്‍റ് രാമസ്വാമി പാര്‍ത്ഥസാരഥിയും ഉള്‍പ്പെട്ടിട്ടുണ്ട്.

2019 ലാണ് ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. വിശിഷ്‌ട സേവനത്തിനാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുന്നത്. ശാന്ത സ്വഭാവംകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം എന്നാല്‍ നിലപാടുകളില്‍ കര്‍ക്കശക്കാരനാണ്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതും പാര്‍ത്ഥസാര്‍ഥിയാണ്.

അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവില്‍ ഓഗസ്റ്റ് 21ന് രാത്രി പത്തുമണിയോടെ ചിദംബരത്തെ അദ്ദേഹത്തിന്റെ ജോർബാഗിലെ വീട്ടിൽ നിന്നാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here