കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; സംസ്ഥാനം ആവശ്യപ്പെടുന്നത് ഇതൊക്കെ…

കേന്ദ്ര ബജറ്റിൽ ഏ‍ഴിൽ പരം ആവശ്യങ്ങളാണ് സംസ്ഥാന ഉന്നയിക്കുന്നത്. കടമെടുപ്പ് പരിധി കൂട്ടുക, വായ്പ വെട്ടിച്ചുരുക്കാതിരിക്കുക, കേരളത്തിന് തരാനുള്ള കുടിശിക നൽകുക, പൊതു മേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കുക എന്നിവയാണ് ഇതിൽ പ്രധാനം. കേന്ദ്രത്തിന്‍റെ വിവേചനപരമായ നിലപാട് ബജറ്റിൽ തുടരുമോ എന്നതും കേരളം ഉറ്റുനോക്കുന്നു.

കേരളത്തിന്‍റെ ഓരോ ആവശ്യങ്ങളും വിശദമായി തയ്യാറാക്കിയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന് ധനമന്ത്രി തോമസ് ഐസക് നൽകിയിട്ടുള്ളത്. ഇതിൽ ഒന്നാമത്തേത് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തുക എന്നതാണ്. അനുവദിച്ച ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനത്തിൽ പോലും വലിയ കുറവാണുണ്ടായത്. വായ്പാ പരിധി വെട്ടിച്ചുരുക്കുന്നത് വലിയ തിരിച്ചടിയാണ് സംസ്ഥാനത്തിനുണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

കേന്ദ്രാവിഷ്കൃത സ്കീമുകൾക്കുള്ള ധനസഹായവും വലിയ തോതിൽ കുടിശികയാണ്. തൊ‍ഴിലുറപ്പ് പദ്ധതി, നെല്ല് സംഭരണം എന്നിവയിൽ കുടിശിക ഇതിനോടകം ആയിരം കോടി ക‍വിഞ്ഞു. ഇത് അടിയന്തരമായി നികത്തണം. തൊ‍ഴിലുറപ്പ് വേതനം 50 രൂപ കൂടി ഉയർത്തണം.

ഒപ്പം കുറഞ്ഞത് 150 ദിവസത്തെ ജോലി ഉറപ്പാക്കണം. നഗരങ്ങളിലെയ്ക്കും പദ്ധതി വ്യാപിപ്പിക്കണം. റബ്ബർ കർഷകർക്കുള്ള സബ്സിഡിയിൽ 50 രൂപ കേന്ദ്രം അനുവദിക്കണം. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

കൊച്ചിൽ ഷിപ്പ് യാർഡ്, ഫാക്ട് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിക്ഷേപം കൂട്ടുന്ന മുറയ്ക്ക് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് അംഗീകാരം നൽകണം. കൂടാതെ AIIMS , തലശേരി ക്യാൻസർ സെന്‍റർ എന്നിവയ്ക്ക് സഹായം നിഷേധിക്കരുത് എന്നും സംസ്ഥാനം ആ‍വശ്യപ്പെടുന്നു.

എന്നാൽ കേരളത്തിനോടുള്ള കേന്ദ്ര സർക്കാരിന്‍റെ വിവേചനപരമായ നിലപാട് ആവർത്തിക്കുമോ ബജറ്റിൽ എന്നതാണ് കേരളത്തിന്‍റെ ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here