നിശ‌്ചയദാർഢ്യത്തിന്റെ കരുത്ത്; ആലപ്പുഴയിൽ മനുഷ്യ മഹാശൃംഖല പ്രതിരോധക്കോട്ടയായി

ജാതി, മത, വർഗ, വർണ, ലിംഗ വ്യത്യാസമില്ലാതെ പിറന്നമണ്ണിൽ ഒരു മനസ്സായി ജീവിക്കാനുള്ള ഒരു ജനതയുടെ നിശ‌്ചയദാർഢ്യത്തിന്റെ കരുത്തിൽ ആലപ്പുഴയിലും മനുഷ്യ മഹാശൃംഖല പ്രതിരോധക്കോട്ടയായി.

വടക്ക‌് അരൂർ മുതൽ തെക്ക‌് ഓച്ചിറ വരെ നീണ്ട 110 കിലോമീറ്റർ ദൂരത്തിൽ കൊച്ചുകുട്ടികൾമുതൽ വയോധികർവരെ അഞ്ചുലക്ഷത്തിലധികംപേർ അണിനിരന്നു. ആലപ്പുഴ ജില്ലയിൽ നിന്നുള്ളവർക്കൊപ്പം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരും ആലപ്പുഴയിൽ കണ്ണികളായി. അരൂരിൽ എ എം ആരിഫ‌് എംപി ആദ്യ കണ്ണിയായപ്പോൾ ഓച്ചിറയിൽ കെ എച്ച‌് ബാബുജാൻ അവസാന കണ്ണിയായി.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സിപിഐ എം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ‌്, മന്ത്രി പി തിലോത്തമൻ, എൽഡിഎഫ‌് ഘടകകക്ഷി നേതാക്കളായ പി പ്രസാദ‌്, ജോണിമുക്കം, ജോസ‌് കെ നെല്ലുവേലി, ഖാദി ബോർഡ‌് വൈസ‌് ചെയർമാൻ ശോഭന ജോർജ‌്, പിഡിപി വൈസ‌് ചെയർമാൻ മുട്ടംനാസർ, ജില്ലാ സെക്രട്ടറി അൻസാരി ആലപ്പുഴ, പി കെ വി യുടെ മകളും എറണാകുളം ജില്ലാ പഞ്ചായത്ത‌് അംഗവുമായ ശാരദാ മോഹൻ എന്നിവർ ആലപ്പുഴ ഇഎംഎസ‌്സ‌്റ്റേഡിയത്തിനുമുന്നിൽ കണ്ണികളായി. ആർ നാസർ പ്രതിജ്ഞ ചൊല്ലികൊടുത്തു.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്നു വിളംബരം ചെയത‌് രാഷ‌്ട്രീയ നേതാക്കൾക്കൊപ്പം വിവിധ മത മേലധ്യക്ഷൻമാരും കൈകോർത്തു.

ഡോ. ഗീവർഗീസ‌് മാർ കൂറിലോസ‌് മെത്രാപൊലീത്ത, ആലപ്പുഴ കിഴേക്കപ്പള്ളി (മസ‌്താൻ പള്ളി) ഇമാം ജാഫർ സാദിഖ‌് സിദ്ദിഖി, ഫാദർ സേവ്യർ കുടിയാംശ്ശേരി, കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വേണുക്കുട്ടൻ തിരുമേനി, ബിനുമോൻ തിരുമേനി, ക്ഷേത്രയോഗം പ്രസിഡന്റ‌് ഗോപാലകൃഷ‌്ണൻ നായർ എന്നിവർ ഇഎംഎസ‌് സ‌്റ്റേഡിയത്തിനു മുന്നിൽ കണ്ണികളായി.

മന്ത്രി ജി സുധാകരൻ അമ്പലപുഴയിലും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു കായംകുളത്തും സജി ചെറിയാൻ എംഎൽഎ തോട്ടപ്പള്ളിയിലും കണ്ണികളായി. കവി വയലാർ ശരച്ചന്ദ്രവർമ്മ തുറവൂരിൽ കണ്ണിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here