
കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം 2744 ആയി. ഹുബൈയില്‍ മാത്രം 24 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.
ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച്, ചൈനയില്‍ അതിവേഗമാണ് കോറോണാ വൈറസ് പടരുന്നത്. ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ വൈറസ് ബാധിതന്‍ രോഗാണു വാഹകനാവുന്നു എന്നതാണ് പ്രധാന വെല്ലുവിളി. വൈറസ് വ്യാപനം തടയാന്‍ കര്‍ശ്ശന നടപടികളിലേക്ക് അധികൃതര്‍ കടക്കുകയാണ്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്.
വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാന്‍ നഗരം എതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. 50 ലക്ഷത്തിലധികം ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെനിന്ന് പലായനം ചെയ്തത്. അതേസമയം വുഹാനിലുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ആര്‍ക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കി. വുഹാനിലെ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക പ്രത്യേക വിമാനത്തില്‍ തിരിച്ചുകൊണ്ടുപോകും. ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി അമേരിക്കയില്‍ അണുബാധ സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 5 ആയി.
ചൈനയില്‍ നിന്ന് കാനഡയിലെത്തിയ ഒരാളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുയാണ്. രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മ്മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here